മുക്കം : സമ്പർക്കത്തെ തുടർന്ന് ക്വാറൻറീനിൽ കഴിയവെ, പുറത്തിറങ്ങിയത് ചോദ്യം ചെയ്ത ആർ.ആർ.ടി. വൊളന്റിയർമാരെ സി.പി.എം. ഏരിയാ കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തിൽ മർദിച്ചതായി പരാതി. സി.പി.എം. തിരുവമ്പാടി ഏരിയാ കമ്മിറ്റിയംഗം ജോണി ഇടശ്ശേരിക്കെതിരേയാണ് പരാതി.

കൊടിയത്തൂർ പഞ്ചായത്തിലെ കണ്ടെയ്ൻമെന്റ്‌ സോണായ തോട്ടുമുക്കത്ത് ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രദേശത്തെ ആർ.ആർ.ടി. വൊളന്റിയർമാരായ മുസ്തഫ തോട്ടുമുക്കം, വൈ.പി. അഷ്റഫ് എന്നിവർക്കാണ് മർദനമേറ്റത്.

കണ്ടെയ്ൻമെന്റ്‌ സോണിൽ ഉൾപ്പെട്ട പള്ളി പരിസരം അണുനശീകരണം നടത്തുന്നതിനാണ് ജോണി ഉൾപ്പെടെയുള്ള സി.പി.എമ്മുകാർ എത്തിയത്. എന്നാൽ, ക്വാറൻറീനിൽ കഴിയുന്ന വ്യക്തി ശുചീകരണത്തിൽ പങ്കെടുക്കുന്നത് ഉചിതമല്ലെന്ന് പറഞ്ഞതിനെത്തുടർന്ന് സി.പി.എം. നേതാവ് സന്തോഷിന്റെ നേതൃത്വത്തിൽ മർദിക്കുകയായിരുന്നുവെന്നാണ് പരാതി.

പുറത്തിറങ്ങിയത് ചോദ്യം ചെയ്തത് വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചു. അഷ്‌റഫിന്റെ ആർ.ആർ.ടി. കാർഡ് വലിച്ചുകീറുകയും മർദിക്കുകയും ചെയ്തു. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച വൊളന്റിയർമാരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ദൃശ്യങ്ങൾ നശിപ്പിച്ചതായും പരാതിയുണ്ട്.

കോവിഡ് രോഗിയുമായി സമ്പർക്കം ഉണ്ടായതിനെ തുടർന്ന് ഇയാളോട് ക്വാറൻറീനിൽ കഴിയാൻ ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. നിരീക്ഷണത്തിൽ കഴിയേണ്ടയാൾ പുറത്തിറങ്ങിയത് ഗുരുതര വീഴ്ചയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

അതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ക്വാറൻറീനിൽ കഴിയുന്ന താൻ പുറത്തിറങ്ങിയിട്ടില്ലെന്നും ജോണി ഇടശ്ശേരി പറഞ്ഞു. സംഭവത്തിൽ രണ്ടു പേർക്കെതിരേ മുക്കം പോലീസ് കേസെടുത്തു. ജോണി ഇടശ്ശേരി, സന്തോഷ് സെബാസ്റ്റ്യൻ എന്നിവർക്കെതിരേയാണ് കേസെടുത്തത്.

സി.പി.എം. നേതാക്കളെ അറസ്റ്റുചെയ്യണം -യു.ഡി.എഫ്.

കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ തോട്ടുമുക്കത്ത് ക്വാറൻറീൻ ലംഘിച്ച് അക്രമം നടത്തിയ സി.പി.എം. നേതാക്കളെ ഉടൻ അറസ്റ്റുചെയ്യണമെന്ന് യു.ഡി.എഫ്. കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ജോണിയുടെ നേതൃത്വത്തിൽ ശുചീകരണത്തിൽ പങ്കെടുത്ത മുഴുവൻ സി.പി.എം. നേതാക്കളും ക്വാറന്റീനിൽ കഴിയണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. മജീദ് പുതുക്കുടി, കരിം പഴങ്കൽ, കെ.ടി. മൻസൂർ, എൻ.കെ. അഷ്റഫ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.