മുക്കം : ഓമശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ മുക്കം നഗരസഭ അതിജാഗ്രതയിൽ. നഗരസഭാ പരിധിയിൽ പരിശോധന കർശനമാക്കാനും കോവിഡ് നിയമം ലംഘിക്കുന്നവർക്കെതിരേ കർശനനടപടിയെടുക്കാനും നിർദേശം നൽകി. നഗരസഭയിലെ സ്ഥിതിഗതികൾ വിലയിരുത്താനും കോവിഡ് നിയമം ലംഘിക്കുന്നവരെ കണ്ടെത്തി കർശനനടപടി സ്വീകരിക്കാനും തിങ്കളാഴ്ച മുതൽ പ്രത്യേക സംഘമുണ്ടാകുമെന്ന് നഗരസഭാസെക്രട്ടറി എൻ.കെ. ഹരീഷ് പറഞ്ഞു. രണ്ട് വില്ലേജ് ഓഫീസർമാരും നഗരസഭാ അധികൃതരും പോലീസും അടങ്ങുന്നതാണ് പ്രത്യേക സംഘം. ഓമശ്ശേരി മേലാനിക്കുന്നത്ത് എം.കെ.സി. മുഹമ്മദാണ് ഞായറാഴ്ച വൈകീട്ട് മരിച്ചത്. ഓമശ്ശേരി സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ 20 വരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. 20-ന് വീട്ടിൽ തിരിച്ചെത്തിയ ഇദ്ദേഹത്തെ, ശ്വാസതടസ്സം മൂർച്ഛിച്ചതിനെ തുടർന്ന് 24-നാണ് മണാശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഞായറാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച വൈകീട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരണം സംഭവിച്ചത്.

മുക്കം നഗരസഭയുടെ അതിർത്തിയായ കാതിയോടാണ് മുഹമ്മദിന്റെ സ്വദേശം. കോഴിക്കോട് മെഡിക്കൽ കോളേജിലും മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും ഇയാളെ സന്ദർശിച്ചവരോട് ക്വാറന്റീനിൽ പോകാൻ നഗരസഭാ അധികൃതർ നിർദേശിച്ചിട്ടുണ്ട്.

അതേസമയം, കഴിഞ്ഞദിവസം നഗരസഭയിൽ രോഗം സ്ഥിരീകരിച്ച അഞ്ചുപേരിൽ നാലുപേരുടെ ഫലം നെഗറ്റീവായത് ആശ്വാസമായി. കഴിഞ്ഞ ആഴ്ച ബെംഗളൂരുവിൽനിന്നെത്തിയ രണ്ടുപേർക്കും ദമാം, ഖത്തർ, ഡൽഹി എന്നിവിടങ്ങളിൽനിന്നെത്തിയ ഓരോരുത്തർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഡോക്ടർമാർ ഉൾപ്പെടെ 30 പേർ ക്വാറൻറീനിൽ

ചികിത്സതേടിയെത്തിയ രോഗി കോവിഡ് ബാധിച്ച് മരിച്ചതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെ 30 പേർ നിരീക്ഷണത്തിൽ. മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്ടർമാരെയും ജീവനക്കാരെയുമാണ് ക്വാറന്റീനിൽ പ്രവേശിപ്പിച്ചത്.

ആശുപത്രിസന്ദർശനം ഒഴിവാക്കണം

ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രോഗികളെ ആശുപത്രിയിൽച്ചെന്ന് സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് മുക്കം നഗരസഭാ സെക്രട്ടറി അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗി കോവിഡ് ബാധിച്ച് മരിച്ചിരുന്നു.