മുക്കം : കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിൽ വവ്വാലുകളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തി. കാരമൂല സുബുലുൽ ഹുദാ മദ്രസ വളപ്പിലെ മരച്ചുവട്ടിലാണ് 25-ഓളം വവ്വാലുകളെ ചത്ത നിലയിൽ കണ്ടെത്തിയത്.
പുലർച്ചെ അഞ്ചരയോടെ നടക്കാനിറങ്ങിയ നാട്ടുകാരാണ് ആദ്യം കണ്ടത്. റോഡരികിലെ പറമ്പിൽ സ്ഥിതിചെയ്യുന്ന മരത്തിൽനിന്ന് വീണ വവ്വാലുകളിൽ ചിലത് റോഡിലും ചിലത് മദ്രസവളപ്പിലുമായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് തിരുവമ്പാടി വെറ്ററിനറി സർജൻ രജിത ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി മദ്രസ വളപ്പിൽ വവ്വാലുകളെ കത്തിച്ച് സംസ്കരിച്ചു. മൂന്നടി ആഴത്തിൽ കുഴിയെടുത്ത് വവ്വാലുകളെ കത്തിച്ചശേഷം കുഴിമൂടി. ശേഷം ക്ലോറിനേഷൻ നടത്തുകയുംചെയ്തു.
വവ്വാലുകൾ ചാവാനിടയായ കാരണം വ്യക്തമല്ല. പരിശോധനയ്ക്കായി കോഴിക്കോട് ലാബിലേക്ക് സാമ്പിളുകൾ അയച്ചിട്ടുണ്ടെന്നും കൂടുതൽ പരിശോധന ആവശ്യമെങ്കിൽ ഭോപാലിലേക്ക് അയക്കുമെന്നും രജിത ജോസഫ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി ഈമരത്തിൽനിന്ന് വവ്വാലുകൾ അസാധാരണമായ രീതിയിൽ ശബ്ദമുണ്ടാക്കിയിരുന്നെന്നും കഴിഞ്ഞദിവസം മൂന്നു പൂച്ചകളെ ചത്തനിലയിൽ കണ്ടെത്തിയിരുന്നെന്നും നാട്ടുകാർ പറഞ്ഞു.
തൊട്ടടുത്തുള്ള കൊടിയത്തൂർ പഞ്ചായത്തിലാണ് കഴിഞ്ഞദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചത്.
പക്ഷിപ്പനി പ്രതിരോധപ്രവർത്തനങ്ങൾ കൈകാര്യംചെയ്യുന്ന ജില്ലയിലെ പ്രത്യേകസംഘത്തെ വിവരമറിയിച്ചപ്പോൾ നിരുത്തരവാദപരമായ രീതിയിലാണ് അധികൃതർ സംസാരിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.