മുക്കം: കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കോഴിക്കർഷകരും വ്യാപാരികളും പ്രതിസന്ധിയിൽ. ജില്ലയുടെ കിഴക്കൻ മലയോരമേഖലയായ കാരശ്ശേരി, കൂടരഞ്ഞി, തിരുവമ്പാടി പഞ്ചായത്തുകളിലെ ഫാമുകളിൽ ആയിരക്കണക്കിന് കോഴികളാണ് വിൽക്കാനാവാതെ കെട്ടിക്കിടക്കുന്നത്.
പക്ഷിപ്പനിഭീതിയിൽ ആളുകൾ കോഴിവിഭവങ്ങൾ ഒഴിവാക്കിയതാണ് പ്രതിസന്ധിക്ക് കാരണമായത്. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ കോഴി വിൽപ്പനയും കോഴിയെ വിൽക്കാൻ കൊണ്ടുപോവുന്നതും നിരോധിച്ചതും തിരച്ചടിയായി.
കൂമ്പാറ, തോട്ടുമുക്കം ഫാമുകളിൽനിന്ന് കോഴികളെ കയറ്റി കുറ്റ്യാടി ഭാഗത്തേക്ക് പോയ ലോറികൾ കഴിഞ്ഞദിവസം രാത്രി ഗോതമ്പ് റോഡിൽവെച്ച് പോലീസ് തിരിച്ചയച്ചിരുന്നു. ഫാമിൽ നിക്ഷേപിക്കാനായി ലോറിയിൽ കൊണ്ടുവന്ന കോഴിക്കുഞ്ഞുങ്ങളെ തിങ്കളാഴ്ച താമരശ്ശേരിയിലും പോലീസ് തടഞ്ഞിരുന്നു. നൂറുകണക്കിന് കോഴിക്കർഷകരാണ് ഇതോടെ കടക്കെണിയിലായത്. പ്രവാസജീവിതം അവസാനിപ്പിച്ച്, സമ്പാദ്യം മുഴുവൻ കോഴിഫാമിനായി ചെലവാക്കിയവരും കൂട്ടത്തിലുണ്ട്.
ഫെബ്രുവരി ആദ്യവാരം കോഴിക്കുഞ്ഞൊന്നിന് 20 രൂപ നിരക്കിലാണ് കർഷകർ വാങ്ങിയത്. പ്രധാനമായും തമിഴ്‌നാട്ടിൽനിന്നാണ് കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നത്. 40 ദിവസത്തിനിടെ ഒരു കോഴി ശരാശരി 110 രൂപയുടെ തീറ്റ കഴിക്കും. രോഗപ്രതിരോധ മരുന്ന് നൽകാൻ കോഴിക്ക് രണ്ടുരൂപയോളം ചെലവുവരും.
ചുരുക്കിപ്പറഞ്ഞാൽ ഒരു കുഞ്ഞിനെ ഫാമിൽ വളർത്താനിട്ട്, വിൽക്കാനായി എടുക്കുന്നതുവരെ 150 രൂപയോളം ചെലവുവരും. എന്നാൽ, കിലോയ്ക്ക് 31 രൂപ നിരക്കിലാണ് കഴിഞ്ഞദിവസം കർഷകർ കോഴികളെ വിറ്റത്. ഒരു കോഴിക്ക് ശരാശരി രണ്ടേകാൽ കിലോ ഭാരമുണ്ടാകും. അതായത് ഒരു കോഴിക്ക് 80 രൂപവരെ നഷ്ടം സഹിച്ചാണ് കർഷകർ വിൽക്കുന്നത്. എന്നാൽ, പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കോഴികളെ വിൽക്കാൻപറ്റാത്ത അവസ്ഥയായി. കോഴിവില കുത്തനെ കൂപ്പുകുത്തുകയും ചെയ്തു.
40-42 ദിവസമാണ് ബ്രോയിലർ കോഴികളെ ഫാമിൽ വളർത്തുക. 40 ദിവസം പ്രായമായ ആയിരം കോഴികൾക്ക് ഒരു ദിവസം തീറ്റകൊടുക്കണമെങ്കിൽ 8000-ത്തോളം രൂപ ചെലവുവരും. ഇതോടെ കോഴികളെ കൊല്ലാനും വളർത്താനും പറ്റാത്ത അവസ്ഥയിലാണ് കർഷകർ. സംസ്ഥാനത്ത് താപനില കൂടിയതും പ്രതിസന്ധിയുടെ ആഴം കൂട്ടി. കനത്തചൂടിൽ കോഴികൾ ചത്തുവീഴുന്നത് കർഷകന്റെ നഷ്ടം ഇരട്ടിയാക്കും.
കോഴിവ്യാപാരികളുടെയും അവസ്ഥ ഇതുതന്നെയാണ്. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിലെ കോഴിക്കടകൾ അധികൃതർ അടപ്പിച്ചതോടെ നൂറുകണക്കിന് കോഴികളാണ് ഓരോ കടയ്ക്കകത്തും ഉള്ളത്. കടകൾ അടച്ചതോടെ ഇവരുടെ ജോലിയും വരുമാനവും ഇല്ലാതായി.
പക്ഷിപ്പനി ബാധിച്ചത് ഗിരിരാജ ഇനത്തിൽപ്പെട്ട കോഴികൾക്കാണെന്നും ബ്രോയിലർ കോഴികളുടെ ഫാമുകളിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും കോഴിക്കർഷകർ പറയുന്നു.