മുക്കം: മലയോരമേഖലയിൽ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയ്ക്ക് വെള്ളിയാഴ്ച നേരിയ ശമനം. ഇരുവഴിഞ്ഞിപ്പുഴ ഉൾപ്പെടെയുള്ള മലയോരമേഖലയിൽ ജലനിരപ്പ് താഴ്ന്നു. ഇതോടെ കാരശ്ശേരി, കൊടിയത്തൂർ, തിരുവമ്പാടി പഞ്ചായത്തുകളിൽ വെള്ളം കയറിയ പ്രദേശങ്ങൾ സാധാരണനിലയിലായി.

കനത്ത മഴവെള്ളപ്പാച്ചിലിൽ ചെളിനിറഞ്ഞ വീടുകളിൽ സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ വൃത്തിയാക്കിവരികയാണ്. കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും ഏറെ നാശനഷ്ടമുണ്ടായ തിരുവമ്പാടി പഞ്ചായത്തിലെ മറിപ്പുഴ, ഇലന്തുകടവ് പ്രദേശങ്ങളിലൊഴികെയുള്ള ഭാഗത്ത് വെള്ളിയാഴ്ചതന്നെ വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചു.

ഇലന്തുകടവ് ഭാഗത്തേക്ക് വൈദ്യുതിവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചുവരികയാണ്. മലയോരമേഖലയിലെ ഗതാഗതം ഏറക്കുറെ പഴയ സ്ഥിതിയിലായി.

തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിൽ ശുചീകരണ പ്രവൃത്തികൾ നടന്നുവരികയാണ്. ഇലന്തുകടവിൽ 48 വീടുകളിൽ വെള്ളം കയറി. ഇതിൽ 20 വീടുകളിലെ ഫർണിച്ചർ-ഇലക്‌ട്രോണിക്സ് ഉപകരണങ്ങൾ പൂർണമായും നശിച്ചു. ചെളിവെള്ളം കയറി മലിനമായ വീടുകൾ സന്നദ്ധസംഘടനകളുടെയും യുവജനസംഘടനകളുടെയും നേതൃത്വത്തിൽ വൃത്തിയാക്കിവരികയാണ്.

മലവെള്ളപ്പാച്ചിലിൽ തകർന്ന മറിപ്പുഴ റോഡിന് കുറുകെ താത്കാലിക പാലം നിർമിച്ചിട്ടുണ്ട്. ഇതോടെ മറിപ്പുഴ പാലത്തിനക്കരെ ഒറ്റപ്പെട്ടവർക്ക് മുത്തപ്പൻപുഴയുമായി ബന്ധപ്പെടാൻ സാധിക്കും. മുത്തപ്പൻപുഴ കോളനിയിലെ ആദിവാസികൾ സ്വന്തം ഊരുകളിലേക്ക് മടങ്ങി. വലിയ പാറക്കല്ലുകൾ ഒഴുകിയെത്തി ദുസ്സഹമായ ഗതാഗതം പൂർണമായും പൂർവസ്ഥിതിയിലായിട്ടില്ല. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ വനത്തിനുള്ളിൽ എവിടെയെല്ലാം ഉരുൾപൊട്ടി എന്നത് സംബന്ധിച്ച് യാതൊരു വിവരവുമില്ല.

മുക്കം നഗരസഭയിലെ ജനജീവിതം ഏറക്കുറെ സാധാരണ ഗതിയിലായി. ചേന്ദമംഗലൂർ, കൂളിമാട്-മാവൂർ ഭാഗങ്ങളിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. ബന്ധുക്കളുടെ വീടുകളിലേക്ക് മാറിത്താമസിച്ചവരിൽ ഭൂരിഭാഗവും വെള്ളിയാഴ്ചതന്നെ സ്വന്തം വീടുകളിലേക്ക് മാറി. പുഴയോരത്തെ ഏക്കറുകണക്കിന് ഭൂമിയും കൃഷിയും പുഴയെടുത്തു.

കവുങ്ങ്, വാഴ ഉൾപ്പെടെയുള്ള കൃഷികളും വ്യാപകമായി നശിച്ചു. കഴിഞ്ഞമാസമുണ്ടായ വെള്ളപ്പൊക്കത്തെ അതിജീവിച്ചുനിന്ന കൃഷികളാണ് നശിച്ചതിൽ ഭൂരിഭാഗവും.

കാരശ്ശേരിയിൽ 600-ഓളം കുടുംബങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ആസാദ് സ്കൂൾ, പുതിയോട്ടിൽ കോളനി, നെല്ലിക്കാപറമ്പ് അങ്കണവാടി, സർക്കാർപറമ്പ് അങ്കണവാടി, ചോണാട് അങ്കണവാടി തുടങ്ങിയ ആറു ദുരിതാശ്വാസകേന്ദ്രങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. പലയിടത്തും റോഡുകൾ തകർന്നു. ഇരുവഴിഞ്ഞിപ്പുഴയുടെയും ചെറുപുഴയുടെയും തീരങ്ങളിൽ നാലു കിലോമീറ്ററോളം നീളത്തിൽ വ്യാപകമായി തീരമിടിഞ്ഞിട്ടുണ്ട്. 22 വീടുകൾ തകർന്നു. ആറു കിണറുകൾ ഇടിഞ്ഞുതാഴ്ന്നു. കൃഷിയുടെ നഷ്ടം കണക്കാക്കിയിട്ടില്ല. വെള്ളം പൂർണമായും ഇറങ്ങിയാലേ കൃഷിസംബന്ധമായ നാശനഷ്ടങ്ങളെക്കുറിച്ച് അറിവാകൂ.

നടുവിലേടത്ത് അബ്ബാസിന്റെ ഉടമസ്ഥതയിലുള്ള പുഴയോരഭൂമി പൂർണമായും പുഴയെടുത്തു. കിണർ പുഴയുടെ നടുവിലായി. വീടിന്റെ അടുക്കള അപകടഭീഷണിയിലാണ്. വീടിന് ഭീഷണിയായിനിന്ന മരങ്ങൾ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റി.

കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലും വ്യത്യസ്തമല്ല. ജലനിരപ്പ് താഴ്ന്നു. കനത്ത മഴവെള്ളപ്പാച്ചിലിൽ നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചു. വെള്ളം പൂർണമായും ഇറങ്ങിയാലേ കൃഷിസംബന്ധമായ നാശനഷ്ടങ്ങൾ കണക്കാക്കാനാവൂ.

അതിനിടെ ചാലിയാർ കരകവിഞ്ഞൊഴുകുന്നത്‌ പുഴയുടെ തീരത്തുള്ള ജനങ്ങളെയും ആശങ്കയിലാഴ്ത്തുകയാണ്. മാവൂർ, പെരുവയൽ, കൊടിയത്തൂർ ഭാഗങ്ങളിൽ ചാലിയാർ പുഴ കരകവിഞ്ഞൊഴുകിയതോടെ വയൽപ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്.