മേപ്പയ്യൂർ: ഭാരതത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയായി തീർന്നിരിക്കുകയാണ് ഹിന്ദുത്വ രാഷ്ട്രീയമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു. അക്രമണോത്സുകമായ ഈ രാഷ്ട്രീയത്തിന്റെ ഇരയാണ് പി. ജയരാജൻ. അതുകൊണ്ടുതന്നെ ഹൈന്ദവഫാസിസ്റ്റുകൾക്കെതിരേ ഇന്ത്യൻ പാർലമെൻറിൽ മികച്ച പ്രതിരോധം തീർക്കാൻ സാധിക്കുക ജയരാജനാണ്. എന്നാൽ, കോൺഗ്രസിന്റെ ടിക്കറ്റിൽ മത്സരിച്ച് നിയമനിർമാണസഭകളിലെത്തിയ പലരെയും പിന്നീട് കാണുന്നത് ബി.ജെ.പി. ക്യാമ്പിലാണെന്നും അവർ ഓർമിപ്പിച്ചു.

അരിക്കുളം പഞ്ചായത്ത് എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് റാലി കുരുടിവീട് മുക്കിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ. പ്രകാശൻ അധ്യക്ഷനായി. എൽ.ജെ.ഡി. സംസ്ഥാന ജന. സെക്രട്ടറി ഷെയ്‌ക്ക് പി. ഹാരിസ്, ടി.വി. ബാലൻ, കെ. കുഞ്ഞമ്മത്, എ.കെ. പത്മനാഭൻ, സി. ബിജു, എ.സി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.