mathrubhumi weeklyകോഴിക്കോട്: മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കഥകളും കവിതകളും എഴുത്തുകാരുടെ ശബ്ദത്തിൽ കേൾക്കാം. ചൊവ്വാഴ്ച പുറത്തിറങ്ങിയ ഏറ്റവും പുതിയ ലക്കം മുതലാണ് ഈ സംവിധാനം. രചനയ്ക്കൊപ്പമുള്ള ക്യു.ആർ. കോഡ് സ്കാൻ ചെയ്യുന്നതോടെ എഴുത്തുകാരുടെ ശബ്ദത്തിൽ സൃഷ്ടികൾ ആസ്വദിക്കാം.

പൗരത്വനിയമഭേദഗതി ഉയർത്തിയ ആശങ്കകളുടെ പശ്ചാത്തലത്തിൽ സച്ചിദാനന്ദൻ എഴുതിയ ‘ഭ്രഷ്ടന്റെ കൊടി’യാണ് ശബ്ദരൂപത്തിൽ വായനക്കാരെ കാത്തിരിക്കുന്ന ആദ്യ വിഭവം. വി.ടി. ജയദേവൻ, സിന്ധു കെ.വി., പി. ശിവലിംഗൻ എന്നിവരുടെ കവിതകളും കേൾക്കാം. ഒപ്പം സതീഷ്ബാബു പയ്യന്നൂരിന്റെ കഥയും.

പുതിയകാലത്തിന്റെ ആസ്വാദന വൈവിധ്യങ്ങളെ അഭിസംബോധന ചെയ്യുന്നതാണ് എൺപത്തിയേഴ് വർഷം പിന്നിട്ട ആഴ്ചപ്പതിപ്പിലൊരുക്കിയ ഈ മാറ്റം. പുതിയ സാങ്കേതിക സംവിധാനങ്ങളുപയോഗിച്ച് സാഹിത്യാനുഭവത്തെ കൂടുതൽ ജനകീയവുമാക്കുകയാണ്‌ ലക്ഷ്യം.

Content Highlights; mathrubhumi weekly now can be heard in voice format