കൊയിലാണ്ടി: തന്റെ നെൽപ്പാടത്ത് പുതിയ വിത്തിനങ്ങളെറിഞ്ഞ് പുതു പരീക്ഷണങ്ങൾ നടത്തുകയാണ് കാവുംവട്ടം കുപ്പേരി മറിയം ഉമ്മയെന്ന എഴുപത്തിയൊന്നുകാരി. ഇത്തവണ തൊടുപുഴയിൽനിന്ന് പീതാംബരൻ എന്ന പരമ്പരാഗത കർഷകൻ അയച്ചുകൊടുത്ത മല്ലിക്കുറുവയെന്ന നെൽവിത്ത് വിളയിച്ചെടുക്കാനുള്ള പരിശ്രമത്തിലാണിവർ. മല്ലിക്കുറുവ വിത്ത് മുളപ്പിച്ചെടുത്തിട്ടുണ്ട്. ഞാറ്റടിക്ക് പാകമാക്കിയ നിലത്ത് രണ്ടുനാൾ കൊണ്ട് വിത്തെറിയും.

ഭർത്താവിന്റെ മരണത്തോടെ മറിയം ഒറ്റയ്ക്കാണ് കൃഷിപ്പണിയെല്ലാം ചെയ്യിപ്പിക്കുന്നത്. 31 വർഷത്തിനുള്ളിൽ 19 നെൽവിത്തുകൾ താൻ കൃഷിയിടത്തിൽ പരീക്ഷിച്ചതായി മറിയം പറയുമ്പോൾ അവരുടെ മുഖത്ത് ഏറെ അഭിമാനം. അന്യംനിന്നുപോകുന്ന നെൽവിത്തുകൾ വരുംതലമുറയ്ക്കായി കാത്തുവെക്കാനും അവ കൂടുതലായി ഉത്‌പാദിപ്പിക്കാനും ഇവർക്ക് താത്‌പര്യമാണ്. പുതിയ നെൽവിത്തുകൾ പരീക്ഷിക്കുമ്പോഴും പൂർവികമായ നെല്ലിനങ്ങളായ വെതാണ്ടം, ചെറുചിറ്റേനി, ഒറീസ, വെള്ളപുണാരൻ, തവളക്കണ്ണൻ, പള്ളിയാറൽ എന്നിവ ഇവരുടെ കൈയിൽ ഇപ്പോഴും ഭദ്രം. നാട്ടിൽനിന്ന് അന്യമായിക്കൊണ്ടിരിക്കുന്ന പഴയ വിത്തിനങ്ങൾ ആവശ്യപ്പെടുന്നവർക്കെല്ലാം അവർ നൽകും.

ദിവസവും അതിരാവിലെ മറിയം വയലിലെത്തും. പിന്നെ കൃഷിപ്പണിയിൽ പണിക്കാരോടൊപ്പം ഉണ്ടാകും. രണ്ട് ഏക്ര പാടം ഉണ്ടായിരുന്നു. എന്നാലിപ്പോൾ ഒന്നരയേക്കറിലാണ് കൃഷി. പഴയ വിത്തിനങ്ങൾ തേടി വിവിധ സ്ഥലങ്ങളിൽനിന്ന് കർഷകർ മറിയം ഉമ്മയെ തേടിയെത്തും. അങ്ങനെയാണ് തൊടുപുഴക്കാരൻ പീതാംബരനെ പരിചയപ്പെടുന്നത്. പരസ്പരം വിത്തുകൾ കൈമാറി ഇവരുടെ ഇടയിൽ പുതിയൊരു ആത്മ ബന്ധവും രൂപപ്പെടുന്നു. മല്ലിക്കുറുവയെന്ന പുതിയ ഇനം വടക്കെ മലബാറുകാർ കൃഷി ചെയ്യാത്തതാണെന്ന് മറിയം ഉമ്മ പറയുന്നു. ഇപ്പോൾ വിതച്ചാൽ മകരമാസത്തിൽ വിളവെടുക്കാനാവും.

മാനന്തവാടിയിൽനിന്ന്‌ കൊണ്ടുവന്ന കൃഷ്ണമണി എന്ന ഇനം രണ്ടുവർഷം മുമ്പ് വിതച്ചപ്പോൾ നൂറുമേനിയായിരുന്നു വിളവ്. വർഷത്തിൽ കന്നി, മകരം, പുഞ്ച കൃഷികളെല്ലാം ഇവർ ചെയ്യും. കല്യാണിക്കുട്ടി, ഭവാനി, ഉമ, ജ്യോതി, ജയ, കാഞ്ചന, ഗന്ധകശാല, ഐ.ആർ.എട്ട്, ആയിരംകണ, പൊൻമണി, ചോമല എന്നിവയെല്ലാം ഇവർ കൃഷിചെയ്തിരുന്നു. വീട്ടു പറമ്പിൽ ചേന, ചേമ്പ്, മഞ്ഞൾ, കപ്പ, വാഴ എന്നിവയെല്ലാം ഉണ്ട്.

പരേതനായ കുപ്പേരി അബുഹാജിയുടെ ഭാര്യയാണ് മറിയം. റംല, സൗദ, അയിശു, സുഹറ എന്നി നാല് മക്കളാണ് ഇവർക്കുള്ളത്. ഉമ്മയുടെ കൃഷിസ്നേഹം മകൾക്കും പകർന്നുകിട്ടിയിട്ടുണ്ട്. മൂത്ത മകൾ റംല ഭർത്താവിനോടൊപ്പം ഖത്തറിലാണ്. ഉമ്മ കൊടുത്തുവിട്ട വിത്തുപയോഗിച്ചു റംല ഖത്തറിലും നെൽകൃഷി ചെയ്തിരുന്നു.