മാവൂർ: പ്രളയം കെടുതിവിതച്ച മാവൂർ പാടത്ത് പാരമ്പര്യകർഷകനായ മരക്കാർ ബാവ കൊയ്തെടുത്തത് നൂറ് മേനി. പ്രളയാനന്തരം ജലസ്രോതസ്സുകളിലുണ്ടായ ശോഷണത്തെയും പ്രകൃതിക്ഷോഭത്തെയും വെല്ലുവിളിച്ചാണ് മാവൂർ പടത്ത് കർഷകനായ മരക്കാർ ബാവ നെൽക്കൃഷിയിറക്കിയത്.

നൂറ്റിപ്പത്തുദിവസത്തെ പരിചരണങ്ങൾക്കൊടുവിൽ ബാവയുടെ കൊയ്ത്തുത്സവം’ നാടിന്റെ ഉത്സവമായി. മാവൂർ കൃഷിഭവനും മാവൂർ സർവീസ് സഹകരണ ബാങ്കും ബാവയെ സഹായിച്ചു.

മാവൂർപാടത്തെ അഞ്ച് ഏക്കറിലാണ് ബാവ നെൽക്കൃഷിയിറക്കിയത് - മൂന്നര ഏക്കറിൽ വിതകൃഷിയും ഒന്നര ഏക്കറിൽ നാട്ടികൃഷിയുമാണ് ചെയ്തത്. വൈശാഖ്, ആതിര എന്നീ ഇനം വിത്തുകളാണ് കൃഷിചെയ്തത്.

മാവൂർ പാടത്തിപ്പോൾ നാൽപ്പതോളം ഏക്കറിൽ നെൽക്കൃഷിയുണ്ട് - ഇരുപതോളം കർഷകരാണ് കൃഷിയിറക്കിയത് പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് നൂറ് മേനികൊയ്തെടുക്കാനായ സന്തോഷത്തിലാണിപ്പോൾ കർഷകരെല്ലാം

മാവൂർ കൃഷി ഓഫീസർ കെ. സുലൈഖാബി, മാവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി. - രവീന്ദ്രൻ എന്നിവർചേർന്ന് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റൻറുമാരായ കെ. രഞ്ജിമ, കെ. ദിവ്യ, എം. ഷൈബിത എന്നിവർ പങ്കെടുത്തു.