കൊയിലാണ്ടി: രാജ്യത്ത് മതേതരജനാധിപത്യത്തിൽ അധിഷ്ഠിതമായ പ്രതിപക്ഷ ഐക്യം ശക്തിപ്പെട്ടതോടെ ബി.ജെ.പി.യുടെയും നരേന്ദ്രമോദിയുടെയും നില പരുങ്ങലിലായിരിക്കയാണെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യർ പറഞ്ഞു. വർഗീയമുക്ത ഭാരതം, അക്രമരഹിത കേരളം എന്ന സന്ദേശവുമായി മുസ്‌ലിം യൂത്ത് ലീഗ് കാസർകോട്ടുനിന്ന്‌ ആരംഭിച്ച യുവജനയാത്രയ്ക്ക് കൊയിലാണ്ടിയിൽ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കയായിരുന്നു മണിശങ്കർ അയ്യർ. ബി.ജെ.പി.യുടെ ശക്തികേന്ദ്രങ്ങളെല്ലാം തകർന്ന്‌ തരിപ്പണമാവുകയാണ്.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എവിടെനിന്ന്‌ സീറ്റുകിട്ടുമെന്നാണ് മോദി നോക്കുന്നത്. തമിഴ്‌നാട്ടിൽ ബി.ജെ.പി.ക്ക്‌ ഇതുവരെ നിലംതൊടാനായിട്ടില്ല. ആന്ധ്രയിൽ ബി.ജെ.പി.യുടെ ശക്തനായ എതിരാളിയായി ചന്ദ്രബാബു നായിഡു ഉണ്ട്. ഒഡിഷയിൽ നവീൻ പട്‌നായിക്ക് ബി.ജെ.പി.ക്ക്‌ കടുത്ത ഭീഷണിയാണ്. ബംഗാളിൽ മമതാ ബാനർജിയുടെ നേതൃത്വത്തിൽ ശക്തമായ ഫാസിസ്റ്റ്‌വിരുദ്ധ ചേരി നിലവിലുണ്ട്. യു.പി.യിൽ മായാവതിയും അഖിലേഷ് യാദവും ബി.ജെ.പി.ക്ക്‌ കടുത്ത ഭീഷണി ഉയർത്തും.

കർണാടകയിലും ബി.ജെ.പി.ക്ക്‌ കനത്ത തിരിച്ചടി നേരിടും. എല്ലാ അഭിപ്രായസർവേകളും മോദിയുടെ പതനം സൂചിപ്പിക്കുന്നു -മണിശങ്കർ അയ്യർ പറഞ്ഞു. മുസ്‌ലിംലീഗിനെ മതേതര ജനാധിപത്യപാർട്ടിയായിട്ടാണ് കോൺഗ്രസ് കാണുന്നത്. ഇക്കാരണത്താലാണ് കേരളത്തിൽ വർഷങ്ങളായുള്ള യു.ഡി.എഫ്. ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ രാഷ്ട്രീയ എതിരാളികൾക്കുപോലും സാധിക്കാത്തത്. കോൺഗ്രസും മുസ്‌ലിംലീഗും ഒന്നിച്ച് രംഗത്തിറങ്ങിയാൽ കേരളത്തിൽ സി.പി.എം. നേതൃത്വത്തിലുളള ജനവിരുദ്ധ സർക്കാറിനെയും തുടച്ചുമാറ്റാമെന്ന് മണിശങ്കർ അയ്യർ പറഞ്ഞു.

പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ യോഗം ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്റെ അഹങ്കാരവും സ്റ്റാലിനിസ്റ്റ് മനോഭാവവുമാണ് ശബരിമല വിഷയത്തിൽ കാണിക്കുന്നത്. ഇതേനയമാണ് അയോധ്യയുടെ കാര്യത്തിൽ നരേന്ദ്രമോദിയും പിന്തുടരുന്നതെന്ന് മുനീർ പറഞ്ഞു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. മുന്നണി അധികാരത്തിൽനിന്ന് തുടച്ചുനീക്കപ്പെടും.

മുൻ മന്ത്രി പി.കെ.കെ. ബാവ അധ്യക്ഷതവഹിച്ചു. യുവജനജാഥയുടെ നേതാവ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ,മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, പാറക്കൽ അബ്ദുള്ള എം.എൽ.എ., കെ.പി.സി.സി. ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, നജീബ് കാന്തപുരം, സി.പി.ചെറിയമുഹമ്മദ്, ഉമ്മർ പാണ്ടികശാല, എം.എ.റസാഖ്, വി.പി.ഇബ്രാഹിംകുട്ടി, റഷീദ് വെങ്ങളം, പി.കുൽസു, എ.അസീസ്, കെ.എം.നജീബ് എന്നിവർ പങ്കെടുത്തു. മൂരാടിൽനിന്ന്‌ നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയാണ് യുവജനയാത്ര കൊയിലാണ്ടിയിലെത്തിയത്.