മാനന്തവാടി: കഞ്ചാവുമായി ബൈക്കിലെത്തിയ യുവാക്കൾ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിലെ ക്രോസ് ബാർ ഇടിച്ചു തെറിപ്പിച്ചു. രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പ്രിവന്റീവ് ഓഫീസർ തരുവണ നിരപ്പേൽ കെ.ജെ. സന്തോഷ് (43), സിവിൽ എക്സൈസ് ഓഫീസർ തിരുവനന്തപുരം സ്വദേശി വിവി ഹൗസിൽ വിപിൻ വിൽസൺ (25) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-നാണ് സംഭവം.
സന്തോഷിന്റെ കാലിന്റെ അസ്ഥി മൂന്നിടത്ത് പൊട്ടിയിട്ടുണ്ട്. അദ്ദേഹത്തെ വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിപിന്റെ കൈയിലെ അസ്ഥിക്കും പൊട്ടലുണ്ട്.
ബാവലി ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്കിടെ ഉദ്യോഗസ്ഥരെ മറികടന്ന് പോകാനായിരുന്നു യുവാക്കളുടെ ശ്രമം. ഇതിനിടെയാണ് ബൈക്ക് ക്രോസ് ബാറിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ചെക്ക് പോസ്റ്റിന്റെ ബാർ തെറിച്ച് ഉദ്യോഗസ്ഥരുടെ ദേഹത്ത് പതിച്ചു. മാനന്തവാടി കണിയാരം തോപ്പിൽ ഋഷികേശ് (19), കാരക്കാമല വിജിത്ത് നിവാസിൽ നിഖിൽ (20) എന്നിവരാണ് ബൈക്കിലുണ്ടായിരുന്നത്. യുവാക്കളിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരെ തിരുനെല്ലി പോലീസ് അറസ്റ്റുചെയ്തു.