കോഴിക്കോട്: പതിയെ നടക്കാനും വിശ്രമിക്കാനും നനുത്ത പുല്ല്, ഏത് ഉച്ചവെയിലിലും തണലും കുളിരുമേകി പടർന്നുപന്തലിച്ച മരങ്ങൾ. കുട്ടികൾക്ക് ആവോളം ഓടിക്കളിക്കാൻ സ്ഥലം. ഭാരമെല്ലാം ഇറക്കിവെച്ച് മനസ്സിനെ ഉന്മേഷത്തോടെ നിർത്താൻ ഒരിടം. ഇതൊക്കെയാണ് മാനാഞ്ചിറ. എന്നാൽ ഈ മൈതാനം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത് മണിക്കൂറുകൾ മാത്രമാണ്. കോവിഡ് കാലമായതോടെ അതുപോലും നിലച്ചു. നഗരത്തിന്റെ മുറ്റമെന്ന് വിശേഷിപ്പിക്കാവുന്ന മാനാഞ്ചിറ പകൽസമയങ്ങളിൽ തുറക്കാത്തതെന്തുകൊണ്ടാണ്.

നേരത്തെ വൈകീട്ട് മൂന്നോടെ തുറന്നിരുന്ന മൈതാനം എട്ടാകുമ്പോൾ അടയ്ക്കും. പലഭാഗത്തുനിന്നുമുള്ള മുറവിളി ഉയർന്നതോടെ പ്രഭാതസവാരിക്കാർക്കായി തുറന്നു. ഇപ്പോൾ വൈകീട്ട് മാനാഞ്ചിറ മൈതാനം അടഞ്ഞുകിടക്കുകയാണ്. ഇനി മാനാഞ്ചിറ തുറക്കുമ്പോൾ വൈകീട്ടും രാവിലെയുമെന്ന സമയം ഒഴിവാക്കി പകൽമുഴുവൻ തുറക്കണമെന്നാണ് ആവശ്യം. കൺവെട്ടത്തുള്ള മാനാഞ്ചിറ മൈതാനം പകൽ അടച്ചിടുന്നതിന് പ്രത്യേക കാരണമൊന്നുമില്ല, ‘കാലങ്ങളായി അങ്ങനെയാണ്. അതിപ്പോഴും തുടരുന്നു’ എന്നതിൽ കവിഞ്ഞ് മറ്റൊന്നും പറയാനില്ല ആർക്കും. കോർപ്പറേഷനാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.

മറ്റിടങ്ങളെല്ലാംതുറന്നു,എന്നിട്ടും...

ബീച്ചും സരോവരം ബയോപാർക്കുമെല്ലാം തുറന്നു. അവിടെയൊന്നുമില്ലാത്ത പ്രശ്നം എന്താണ് മാനാഞ്ചിറയിലെന്നാണ് ചോദ്യം. ബീച്ചിൽ തിങ്ങിക്കൂടുന്നരീതിയിൽ അല്ല മാനാഞ്ചിറയിൽ ആളുകൾ എത്തിയിരുന്നത്.

സരോവരത്ത് പലതരത്തിലുള്ള പ്രശ്നങ്ങളും നേരത്തെ ഉണ്ടായിരുന്നു. അത്തരത്തിലുള്ള യാതൊരുപ്രശ്നവും പകൽസമയത്തുൾപ്പെടെ മാനാഞ്ചിറ തുറന്നാൽ ഉണ്ടാവില്ല. കമ്മിഷണർ ഓഫീസ് ഉൾപ്പെടെ തൊട്ടടുത്താണ്. എല്ലാഭാഗത്തും തിരക്കേറിയ റോഡാണ്. എന്നിട്ടുമെന്തിനാണ് മാനാഞ്ചിറ അടച്ചിടുന്നതെന്ന് ചോദിച്ചാൽ ആർക്കും ഉത്തരമില്ല.

ചില നിയന്ത്രണങ്ങളുടെ ഭാഗമായാണ് തുറക്കാത്തതെന്ന് കോർപ്പറേഷൻ അധികൃതർ പറയുന്നുണ്ടെന്നല്ലാതെ മറ്റൊന്നുമില്ല. എല്ലാ സമയവും തുറന്നാൽ ശുചീകരണത്തിന് ബുദ്ധിമുട്ടാകില്ലേയെന്ന ചിന്തയുമുണ്ട്. ഒരു നിശ്ചിതസമയം അതിനായി നീക്കിവെച്ചാൽ പ്രയാസമുണ്ടാകില്ല.

പകൽ അടച്ചിടുമ്പോഴാണ് ഒറ്റപ്പെട്ടരീതിയിൽ പലരും മതിൽച്ചാടി മൈതാനത്തേക്ക് കടക്കുന്നത്. സന്ധ്യയാകുമ്പോൾ ആരുമില്ലാത്തതും ഇത്തരത്തിലുള്ളവർക്ക് വളമാകും. സമൂഹവിരുദ്ധരുടെ താവളമാകാനേ ഇത് ഉപകരിക്കൂ. പകലും ജനങ്ങൾ എത്തുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാവും.