പേരാമ്പ്ര : കഞ്ചാവ് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവ് പേരാമ്പ്ര എക്സൈസ് ഓഫീസ് വാതിലിന്റെ ഗ്ലാസ് അടിച്ചു തകർത്തു. നരയംകുളം സ്കൂൾ പറമ്പിൽ ലതീഷാണ് (34) അക്രമം നടത്തിയത്. ലതീഷ് ഓടി രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ചേനോളി കേളോത്ത് ശ്യാമിനെ (29) ജീവനക്കാർ പിടികൂടി പേരാമ്പ്ര പോലീസിന് കൈമാറി. ചൊവ്വാഴ്ചയാണ് ലതീഷിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. തുടർന്ന് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു.

ബുധനാഴ്ച രാവിലെ മുതൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറെ ഫോണിൽ വിളിച്ച് ലതീഷ് ഭീഷണി മുഴക്കിയിരുന്നു. വൈകീട്ട് 4.10-ഓടെ എക്സൈസ് ഓഫീസിലെത്തുകയും സി.ഐ.യെയും ഉദ്യോഗസ്ഥരെയും തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് കൈയിൽ കരുതിയ ആയുധമുപയോഗിച്ച് ഓഫീസിനകത്തെ വാതിലിന്റെ ചില്ല് തകർത്തു. ഓഫീസിലുണ്ടായിരുന്ന ബോർഡുകളും വലിച്ചെറിഞ്ഞു. ഇതിനുശേഷം ഇയാൾ ഓടി ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നു.

എക്സൈസ് അധികൃതർ നൽകിയ പരാതിയിൽ ഇരുവർക്കുമെതിേര ഓഫീസിൽ അക്രമം നടത്തി പൊതുമുതൽ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പേരാമ്പ്ര പോലീസ് കേസെടുത്തു.