കോഴിക്കോട് : കേരളത്തിൽ ആഞ്ഞടിച്ച യു.ഡി.എഫ്. തരംഗത്തിൽ സംസ്ഥാന മന്ത്രിസഭയിലെ 16 പേർ വിജയിച്ച നിയമസഭാ മണ്ഡലങ്ങളിലും ഇടതുമുന്നണിക്ക് മുൻതൂക്കം നഷ്ടമായി. രണ്ടിടങ്ങളിൽ മുന്നണി മൂന്നാംസ്ഥാനത്തായി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഇ.പി. ജയരാജൻ, ഇ. ചന്ദ്രശേഖരൻ, പി. തിലോത്തമൻ എന്നിവരുടെ മണ്ഡലങ്ങളിൽ മാത്രമാണ് ഇടതുമുന്നണിക്ക് നേരിയ മുൻതൂക്കം കിട്ടിയത്.

ധർമടം

പിണറായി വിജയൻ 36,905 ഭൂരിപക്ഷത്തിന് വിജയിച്ച ഇവിടെ സി.പി.എം. സ്ഥാനാർഥി പി.കെ. ശ്രീമതിക്ക് കോൺഗ്രസിന്റെ കെ. സുധാകരനെതിരേ നേടാനായത് 4099 വോട്ടിന്റെ മുൻതൂക്കം.

മട്ടന്നൂർ

വ്യവസായ മന്ത്രി ഇ.പി. ജയരാജൻ ജയിച്ചത് 43,381 വോട്ടിന്. ശ്രീമതിയുടെ ലീഡ് 7488 മാത്രം.

കാഞ്ഞങ്ങാട്

റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ 26,010 വോട്ട് ഭൂരിപക്ഷംകുറിച്ചിടത്ത് കോൺഗ്രസിന്റെ രാജ്‌മോഹൻ ഉണ്ണിത്താനെതിരേ കെ.പി. സതീഷ്ചന്ദ്രന്റെ ലീഡ് 2221 മാത്രം.

കണ്ണൂർ

തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 1196 വോട്ടിന് ജയിച്ച കണ്ണൂരിൽ ശ്രീമതിക്കെതിരേ സുധാകരൻറെ ലീഡ് 23,423

കൂത്തുപറന്പ്

ആരോഗ്യമന്ത്രി കെ.കെ. ശൈലജ 12,291 വോട്ടിന് ജയിച്ച കൂത്തുപറമ്പിൽ സി.പി.എമ്മിന്റെ പി. ജയരാജനെതിരേ കെ. മുരളീധരൻ 4,133 വോട്ടിന് മുന്നിലെത്തി

പേരാമ്പ്ര

തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ 4101 വോട്ടിനാണ് ജയിച്ച മണ്ഡലം. ഇവിടെ മുരളീധരൻറെ ലീഡ് 13,204.

എലത്തൂർ

ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ 29,057 വോട്ടിന് ജയിച്ച ഇവിടെ സി.പി.എം. സ്ഥാനാർഥി എ. പ്രദീപ്കുമാറിനെതിരെ കോൺഗ്രസിന്റെ എം.കെ. രാഘവന് 103 വോട്ടിന്റെ നേരിയ മുൻതൂക്കം.

തവനൂർ

ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ 17,064 വോട്ട് ഭൂരിപക്ഷംകുറിച്ച മണ്ഡലത്തിൽ ഇടതു സ്വതന്ത്രൻ പി.വി. അൻവറിനെതിരേ മുസ്‌ലിംലീഗിലെ ഇ.ടി.മുഹമ്മദ് ബഷീർ 12,353 വോട്ടിന് മുന്നിലെത്തി.

പൊന്നാനി

സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ 15,640 വോട്ടിന്റെ ഭൂരിപക്ഷം നേടിയ മണ്ഡലം. അൻവറിനെതിരേ ഇ.ടി. മുഹമ്മദ് ബഷീർ 9,739 വോട്ട് അധികം നേടി.

പുതുക്കാട്

വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് 38,478 വോട്ടിന്റെ വൻഭൂരിപക്ഷം സ്വന്തമാക്കിയ ഇവിടെ സി.പി.ഐ.യുടെ രാജാജി മാത്യു തോമസ് കോൺഗ്രസിലെ ടി.എൻ. പ്രതാപനോട് 5,842 വോട്ടിന് പിന്നിലായി.

തൃശ്ശൂർ

കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ 6,987 വോട്ടിന് ജയിച്ച നിയമസഭാ മണ്ഡലത്തിൽ രാജാജി മാത്യു തോമസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബി.ജെ.പി.യുടെ സുരേഷ് ഗോപിയാണ് രണ്ടാമതെത്തിയത്.

കുന്ദംകുളം

മന്ത്രി എ.സി. മൊയ്തീൻ 7782 വോട്ട് ഭൂരിപക്ഷം നേടിയ കുന്ദംകുളത്ത് സി.പി.എമ്മിന്റെ പി.കെ. ബിജുവിനെതിരേ കോൺഗ്രസിന്റെ രമ്യാ ഹരിദാസ് നേടിയത് 14,322 വോട്ട് ലീഡ്.

തരൂർ

പട്ടികജാതിവികസന വകുപ്പ് മന്ത്രി എ.കെ. ബാലൻ 23,068 വോട്ടിന് വിജയിച്ച ഇവിടെ രമ്യ 24,839 വോട്ടിന്റെയും മുൻതൂക്കം സ്വന്തമാക്കി.

ചിറ്റൂർ

ജലവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി 7285 വോട്ട് ഭൂരിപക്ഷം നേടിയ ചിറ്റൂരിൽ രമ്യയുടെ ഭൂരിപക്ഷം 23,467 വോട്ട്.

ആലപ്പുഴ

ആലപ്പുഴയിൽ ധനമന്ത്രി തോമസ് ഐസക്കിന്റെ ഭൂരിപക്ഷം 31,032 വോട്ട്. ഇവിടെ സി.പി.എമ്മിന്റെ എ.എം. ആരിഫിനെതിരേ കോൺഗ്രസിന്റെ ഷാനിമോൾ ഉസ്മാൻ 69 വോട്ടിന് മുന്നിലെത്തി.

അന്പലപ്പുഴ

പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ 22,621 വോട്ട് ഭൂരിപക്ഷം സ്വന്തമാക്കിയ മണ്ഡലത്തിൽ ഷാനിമോൾക്ക് 638 വോട്ട് ലീഡ് നേടാനായി.

പുനലൂർ

വനംമന്ത്രി കെ. രാജു പുനലൂരിൽ 33,582 വോട്ടിനാണ് ജയിച്ചത്. എന്നാൽ, സി.പി.എമ്മിന്റെ ബാലഗോപാലിനെതിരേ ആർ.എസ്.പി.യുടെ എൻ.കെ. പ്രേമചന്ദ്രൻ 18,666 വോട്ടിന്റെ ഭൂരുപക്ഷം കുറിച്ചു.

കുണ്ടറ

ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ 3,046 വോട്ടിന് വിജയിച്ച ഇവിടെ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം 24,309.

കഴക്കൂട്ടം

ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ 7,347 വോട്ടിന് ജയിച്ച കഴക്കുട്ടത്ത് സി.പി.ഐ.യുടെ സി. ദിവാകരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബി.ജെ.പി.യുടെ കുമ്മനം രാജശേഖരനെക്കാൾ കോൺഗ്രസിന്റെ ശശി തരൂർ 1,485 വോട്ട് ലീഡ് നേടി.

വ്യത്യസ്തമായ ചേർത്തല

മന്ത്രി മണ്ഡലങ്ങളിൽ വ്യത്യസ്തമായി വിധിയെഴുതിയത് ചേർത്തലയാണ്. ഇവിടെ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം കുത്തനെ കൂടി. നിയമസഭാ തിരഞ്ഞെടുപ്പിൽ ഭക്ഷ്യമന്ത്രി പി. തിലോത്തമൻ 7196 വോട്ട് ഭൂരിപക്ഷമായിരുന്നു നേടിയത്. എന്നാൽ, സി.പി.എമ്മിന്റെ ആരിഫിന് ചേർത്തല നൽകിയ ഭൂരിപക്ഷം 16,895 വോട്ട്.