താമരശ്ശേരി : കോൺഗ്രസിൽ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ഉയരുന്ന ഗ്രൂപ്പ് വടംവലിയൊഴിവാക്കാൻ ഡി.സി.സി.യെ ചുമതലപ്പെടുത്തി. കഴിഞ്ഞതവണ ഒരു സീറ്റിൽമാത്രം വിജയിച്ച ‘എ’ഗ്രൂപ്പ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുകയും ‘ഐ’ ഗ്രൂപ്പിനുള്ളിൽ ഉപസഖ്യങ്ങൾ സജീവമാവുകയും ചെയ്തതോടെയാണ് പ്രശ്നപരിഹാരത്തിന് ജില്ലാനേതൃത്വത്തെ സമീപിച്ചത്.

മൂന്നേകാൽ പതിറ്റാണ്ടോളമായി ഐക്യജനാധിപത്യമുന്നണിക്കൊപ്പം ഉറച്ചുനിൽക്കുന്ന പഞ്ചായത്താണ് താമരശ്ശേരി. കഴിഞ്ഞതവണ പഞ്ചായത്ത് പ്രസിഡന്റ്സ്ഥാനം സ്ത്രീസംവരണമായിരുന്നു. ആദ്യ രണ്ടുവർഷം കോൺഗ്രസും പിന്നീട് മൂന്നുവർഷം മുസ്‌ലിംലീഗും വീതംവെച്ച് അധ്യക്ഷപദവിയിലിരുന്നു. 2015-ൽ മത്സരിച്ച പത്തിൽ ഒമ്പത് ലീഗ് സ്ഥാനാർഥികളും ജയിച്ചപ്പോൾ ഒമ്പതിൽ നാലുപേരെയാണ് കോൺഗ്രസിന് ജയിപ്പിക്കാനായത്. എ ഗ്രൂപ്പ് ലഭിച്ച ഒരുസീറ്റിൽ വിജയം ഉറപ്പാക്കി. അതേസമയം, എ ഗ്രൂപ്പിന്റെ കൈവശമായിരുന്ന മറ്റൊരു വാർഡിൽ സ്ഥാനാർഥിയായത് ഐ ഗ്രൂപ്പിലെ വനിതാ നേതാവായിരുന്നു. ഐ ഗ്രൂപ്പിൽനിന്ന് എ ഗ്രൂപ്പിലേക്ക് ചേക്കേറിയ മുൻ കൗൺസിലറുടെ നോമിനി സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയശേഷം മഹിളാ കോൺഗ്രസ് ഭാരവാഹിയെ ചിഹ്നം അനുവദിച്ച് രംഗത്തിറക്കുകയായിരുന്നു.

വാർഡ് തങ്ങളുടേതാണെന്ന് ഐ ഗ്രൂപ്പ് സ്ഥാനാർഥിയോട് എഴുതിവാങ്ങിച്ചശേഷമാണ് ഇങ്ങനെ മത്സരിക്കാൻ അനുവദിച്ചതെന്നായിരുന്നു എ ഗ്രൂപ്പിന്റെ വാദം. ഈ രണ്ടുവാർഡുകളും ഒപ്പം സജീവ ഗ്രൂപ്പ് അവകാശവാദമില്ലാത്ത മറ്റു രണ്ടുവാർഡുകളുംകൂടി ഇത്തവണ വേണമെന്നാണ് എ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്.

ഇത്തവണ കോൺഗ്രസിന് അഞ്ചും മുസ്‌ലിംലീഗിന് രണ്ടും ജനറൽ സീറ്റാണ് കിട്ടിയത്. പ്രസിഡന്റ് പദവി ഇക്കുറി ജനറൽ വിഭാഗത്തിലായതിനാൽ അത് ലക്ഷ്യംവെച്ചുള്ള നീക്കങ്ങൾ സജീവമാണ്.

ലീഗിനെക്കാൾ സീറ്റുകൾ വിജയിക്കാനായാൽ പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കാമെന്ന കണക്കുകൂട്ടലിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ മുൻനിർത്തി ഐ ഗ്രൂപ്പും പഞ്ചായത്ത് മുൻപ്രസിഡന്റിനെ പിന്തുണച്ച് എ ഗ്രൂപ്പും കളത്തിലുണ്ട്.

മുതിർന്ന ഒരു നേതാവിനുമാത്രം സീറ്റുനൽകി ഒതുക്കാനുള്ള നീക്കം തടഞ്ഞ് കുറഞ്ഞത് നാലുസീറ്റെങ്കിലും നേടിയെടുക്കാനാണ് എ ഗ്രൂപ്പിന്റെ ശ്രമം. സ്വാധീനമുള്ള പഞ്ചായത്തിൽ ഏതെങ്കിലും പ്രമുഖസ്ഥാനാർഥിക്കായി വാർഡ് കൈമാറ്റത്തിൽ വലിയ വിട്ടുവീഴ്ച ചെയ്യരുതെന്ന ആവശ്യമാണ് ഐ ഗ്രൂപ്പിൽ ഉയരുന്നത്. അതേസമയം, പരിധിക്കപ്പുറം ഗ്രൂപ്പ് കളിച്ച് ഉറച്ച വോട്ടുകൾ നഷ്ടപ്പെടുത്തരുതെന്നാണ് സാധാരണ പ്രവർത്തകരുടെ വികാരം.