കോഴിക്കോട് : എട്ടുവർഷംമുമ്പ് ഭർത്താവുമായി പിരിഞ്ഞപ്പോൾമുതൽ നാലും ഏഴും വയസ്സുള്ള രണ്ടുപെൺമക്കളുമായി ജീവിതത്തോട് പൊരുതാൻതുടങ്ങിയതാണ് പൂവാട്ടുപറമ്പ് മുതലക്കുണ്ട് നിലം ഫാത്തിമഹൗസിൽ ഫസ്ന. എന്നാൽ, മഹിളാമാളിലുണ്ടായിരുന്ന കടയിലെ വൈദ്യുതി അധികൃതർ വിച്ഛേദിച്ചതോടെ വരുമാനം നിലച്ചു. വീട്ടുവാടക നൽകാനില്ലാത്തതിനാൽ അവിടെനിന്ന്‌ ഇറങ്ങേണ്ടിവന്നു. തിങ്കളാഴ്ചമുതൽ മഹിളാമാളിലെ ‘നിലാവ്’ എന്ന കടയിൽ ഇളയമകളുമൊന്നിച്ച് സമരത്തിലാണ് ഫസ്ന. മഹിളാമാളിലെ കടയിലേക്ക് ലോണെടുത്തുംമറ്റുമാണ് രണ്ടുലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾവാങ്ങിയത്‌.

2018 ഡിസംബർ എട്ടിന് കടതുറന്നു. നാലുദിവസം കഴിഞ്ഞപ്പോൾ വൈദ്യുതിബില്ലെത്തി. മഹിളാമാൾ നടത്തിപ്പുകാർ തയ്യാറാക്കിനൽകിയ ബില്ലിനെ എതിർത്തതോടെ പ്രശ്നങ്ങളും ആരംഭിച്ചു. രണ്ടുദിവസത്തിനകം ബില്ലടച്ചെങ്കിലും പിന്നെ കണക്‌ഷൻ കൊടുക്കാൻ നടത്തിപ്പുകാർ തയ്യാറായില്ല. ഇതിനിടെ മാൾപൂട്ടി. സമരങ്ങളെത്തുടർന്ന് ഇവിടത്തെ കടകൾ തുറന്നുകൊടുക്കാൻ കളക്ടർ ഉത്തരവിട്ടതോടെ ഫസ്നയുടെ കടയും തുറന്നു. അഞ്ചുദിവസം കഴിഞ്ഞതോടെ വൈദ്യുതി വീണ്ടും വിച്ഛേദിച്ചു. പിന്നെ പ്രോജക്ട് ഒാഫീസർക്കും പോലീസിലും പരാതി നൽകിയെങ്കിലും കണക്‌ഷൻ ലഭിച്ചില്ല. ഒരുവഴിയുമില്ലാതായതോടെയാണ്‌ മഹിളാമാളിലെ കടയിലെത്തി താമസിക്കാൻ തീരുമാനിച്ചത്.