കോഴിക്കോട്: യു.ഡി.എഫ്. എന്ന രാഷ്ട്രീയസഖ്യം യാഥാർഥ്യമാക്കിയ കെ. കരുണാകരനും ഉമ്മർബാഫക്കിതങ്ങളും ഇന്നുണ്ടായിരുന്നെങ്കിൽ ഇവർക്കുമുന്നിൽ നമ്രശിരസ്കരാവുകയല്ലാതെ മറ്റ് മാർഗമുണ്ടാവില്ല. സഖ്യകക്ഷിക്കുവേണ്ടി നിലപാടിൽനിന്ന് പിറകോട്ടുപോവേണ്ടിവന്നപ്പോഴെല്ലാം അത് രാഷ്ട്രീയഅനിവാര്യതയായി സ്വന്തം അണികളെ ബോധ്യപ്പെടുത്താനും ഐക്യം ഉറപ്പിക്കാനും കരുണാകരനും ഉമ്മർബാഫക്കിതങ്ങളും കാണിച്ച സാമർഥ്യമായിരുന്നു യു.ഡി.എഫിന്റെ കെട്ടുറുപ്പ്. ഈ രണ്ടുപേരെയും കടത്തിവെട്ടുന്ന ഫോർമുലകളാണ് തദ്ദേശതിരഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ യു.ഡി.എഫിൽ രൂപപ്പെടുന്നത്.

ഒരുബ്ലോക്ക് പഞ്ചായത്തിലെ ഡിവിഷനെ ചൊല്ലി ലീഗും കോൺഗ്രസും തമ്മിലുള്ള തർക്കം അയഞ്ഞില്ല. പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞും തീരുമാനമാവാതെ വന്നപ്പോൾ ആകെ വിഷമത്തിലായി. മുൻപ് ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണതുപോലെ, കഴിഞ്ഞദിവസം രാവിലെ യു.ഡി.എഫ്. യോഗത്തിലേക്ക് വരുന്നവഴിക്ക് ഡി.സി.സി. പ്രസിഡന്റ് യു. രാജിവന്റെയോ, യു.ഡി.എഫ്. കൺവീനർ എം.എ. റസാഖിന്റെയോ തലയിലാണോ എന്നറിയില്ല ഒരു ഐഡിയ വന്നുവീണു. യോഗം തുടങ്ങിയപ്പോൾ ആരാദ്യം പറയുമെന്ന മട്ടിൽ പരസ്പരം രണ്ടുപേരും നോക്കി. സമയം കളയാതെ ഫോർമുല ഇങ്ങുപോരട്ടെ എന്നായി യു.ഡി.എഫ്. ചെയർമാൻ കെ. ബാലനാരായണൻ മടിച്ചുനിൽക്കാതെ രണ്ടുേപരും ചേർന്ന് ആ ഫോർമുല വെളിപ്പെടുത്തി. അഞ്ചുവർഷമാണല്ലോ മെമ്പറുടെ കാലാവധി. ജയിച്ചാൽ ആദ്യരണ്ടരവർഷം കോൺഗ്രസ് അംഗം മെമ്പറാവുക, പിന്നെ രാജിവെക്കണം. തുടർന്ന് തിരഞെടുപ്പിൽ സീറ്റ് ലീഗിന് കൈമാറും. തദ്ദേശസ്ഥാപനത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദം പങ്കിട്ടെടുക്കാറുണ്ട്. മെമ്പർ പദവി പങ്കിടാമെന്ന് കരുണാകരനോ ബാഫക്കിതങ്ങളോ സ്വപ്നത്തിൽപോലും ചിന്തിച്ചിട്ടുണ്ടാവില്ല. യു.ഡി.എഫിന് മഹത്തായൊരു ഫോർമുല സംഭാവന ചെയ്തവരെ യോഗത്തിൽ അഭിനന്ദിച്ചു.

ഇതിനിടയിൽ ഒരു സ്വാഭാവികസംശയം ഉയർന്നുവന്നു. രണ്ടരവർഷത്തിനുശേഷം കോൺഗ്രസ് അംഗം ലീഗിലേക്ക് മാറിയാലും പ്രശ്നം തീരില്ലേ. ഇതോടെ എല്ലാം അവസാനിക്കുന്നില്ലല്ലോ. ആ ഫോർമുല 2025-ലെ തദ്ദേശതിരഞെടുപ്പിനായി കരുതിവെക്കാമെന്നായി മുതിർന്ന നേതാവ്.

രണ്ടാമത്തെ വിഷയത്തിലേക്ക് കടന്നപ്പോഴാണ് അറിഞ്ഞത് ഇവർ ഒന്നല്ല ഒരുപാട് ഫോർമുലകൾതന്നെ കണ്ടെത്തുമെന്ന്. കൊടുവള്ളിയിൽ കോൺഗ്രസ് മത്സരിക്കുന്ന രണ്ടിടത്ത് ലീഗിന്റെ വിമതർ മത്സരിക്കുന്നുണ്ട്. സാധാരണ സീറ്റ് ധാരണയ്ക്ക് വിരുദ്ധമായി ഏതെങ്കിലും കക്ഷികളിലെ അംഗങ്ങൾ മത്സരിച്ചാൽ അവരെ അതാതുപാർട്ടി ഉടനെ പുറത്താക്കും. ചർച്ചയുടെ തുടക്കത്തിൽതന്നെ ലീഗ് നിലപാട് വ്യക്തമാക്കി. വിമതരെ പാർട്ടി പ്രോത്സാഹിപ്പിക്കില്ല. മഞ്ഞുരുകി. നടപടി വൈകില്ലെന്ന് ഉറപ്പിക്കാമെന്ന് അധ്യക്ഷൻ പറഞ്ഞപ്പോൾ ലീഗ് പ്രതിനിധി പറഞ്ഞു. ‘‘ഇല്ല രണ്ടാഴ്ച സാവകാശം വേണം. അതിലപ്പുറം നീട്ടിക്കൊണ്ടുപോവില്ല’’. സന്തോഷത്തോടെ യോഗം പിരിഞ്ഞു. പുറത്തിറങ്ങിയശേഷം രണ്ടു കെ.പി.സി.സി. നേതാക്കൾ മിനുട്ട്സ് ഒന്നുകൂടി വായിച്ചു. തിരഞെടുപ്പിന് ഇനി രണ്ടാഴ്ചയേ സമയമുള്ളു. നടപടിയെടുക്കാൻ ലീഗ് ചോദിച്ചതും രണ്ടാഴ്ച സമയം. ജില്ലയിൽ എ.,ഐ. ഗ്രൂപ്പുകളുടെ തേര് തെളിക്കുന്ന രണ്ട് കെ.പി.സി.സി.ക്കാർ അപ്പോൾ മനസ്സുതുറന്ന് സമ്മതിച്ചു. മുൻപ് കരുണാകരനെയും ആൻറണിയെയും പരസ്പരം കുറ്റം പറഞ്ഞാൽ മതിയായിരുന്നു. ഇപ്പോൾ ഈ ചെയ്തുകൂട്ടുന്നതിനൊക്കെ ആരെ കുറ്റം പറയും. സ്വയം പഴിക്കുകയല്ലാതെ.