കോഴിക്കോട് : തലക്കുളത്തൂർപഞ്ചായത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി സജിനി ദേവരാജന് കോവിഡ് ഉണ്ടെന്നുപറഞ്ഞ് കോവിഡ് സെന്ററിലേക്ക് മാറ്റി തിരഞ്ഞെടുപ്പ് പ്രചാരണം തടസ്സപ്പെടുത്താൻ ശ്രമിച്ചതായി കെ.പി.സി.സി. വൈസ് പ്രസിഡന്റ് ടി. സിദ്ദിഖ് പത്രസമ്മേളനത്തിൽ ആരോപിച്ചു.

നവംബർ 11-നാണ് സ്ഥാനാർഥിയുടെ മകന് കോവിഡ് പോസിറ്റീവായത്. മറ്റ് നാല് കുടുംബാംഗങ്ങൾ താമസിക്കുന്നചെറിയ വീട്ടിൽ ഒരുശൗചാലയം മാത്രമേ ഉള്ളൂ. അടിയന്തരമായി മകനെ കോവിഡ്സെന്ററിലേക്ക് മാറ്റണമെന്ന് എം.കെ. രാഘവൻ എം.പി. ഉൾപ്പെടെയുള്ളവർ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടും രണ്ടുദിവസം കഴിഞ്ഞ് 13-നാണ് മാറ്റിയത്. 20-ന് മറ്റ് കുടുംബാംഗങ്ങൾ കോവിഡ് പരിശോധന നടത്തിയപ്പോൾ വീട്ടിലെ മൂന്നുപേർക്ക് നെഗറ്റീവും സ്ഥാനാർഥി സജിനിദേവരാജൻമാത്രം പോസിറ്റീവ് ആവുകയും ചെയ്തു. പരിശോധനാഫലംവന്ന് ഒരുമണിക്കൂറിനുള്ളിൽ സ്ഥാനാർഥിയെ കോവിഡ് സെന്ററിലേക്ക് മാറ്റി. ഇതിന് ആരും ഇടപെടേണ്ടിവന്നില്ല. സംശയം തോന്നിയ യു.ഡി.എഫ്. നേതൃത്വം അടുത്തദിവസം ആന്റിജൻ, ആർ.ടി.പി.സി.ആർ, ആന്റിബോഡി ടെസ്റ്റുകൾ എടുത്തപ്പോൾ എല്ലാം നെഗറ്റീവ്. രോഗമില്ലാത്ത ആളെ സി.പി.എം. സ്വാധീനത്തിന്റെ ബലത്തിൽ രോഗിയാക്കി മാറ്റി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണിതിനുപിന്നിലെന്ന് സിദ്ദിഖ് ആരോപിച്ചു. സംഭവത്തിൽ ഉത്തരവാദികളായ ആരോഗ്യവകുപ്പ് ജീവനക്കാർക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്.

കോഴിക്കോട് അനുമതിയില്ലാതെ നൂറിലേറേ പോലീസുകാർ കോവിഡ് മാനദണ്ഡം തെറ്റിച്ച് യോഗംചേരുകയും തിരഞ്ഞെടുപ്പിൽ സഹായിക്കണമെന്ന് ഇവരോട് പോലീസ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടതും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പരസ്യമായ ലംഘനമാണ്. പോലീസ് മേധാവിയുടെ അനുമതിയില്ലാതെയാണ് യോഗം ചേർന്നത്. സ്ഥലംമാറ്റവും നിയമനവും സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിച്ചുതരും. പകരം തിരഞ്ഞെടുപ്പിൽ സഹായിക്കണമെന്നാണ് പോലീസ് അസോസിയേഷൻ ഭാരവാഹികൾ യോഗത്തിൽ പറഞ്ഞത്. യോഗം നടന്നിട്ടില്ലെന്ന് പോലീസിലെ ചില മേധാവികൾ പറയുന്നു. അതേസമയം, യോഗം നടന്നതായി പോലീസ് അസോസിയേഷൻ ഭാരവാഹികൾ സമ്മതിക്കുന്നു. അവിടെ പോലീസ് ഹൗസിങ്ങും ഇൻഷുറൻസും സംബന്ധിച്ച വിഷയമാണ് പറഞ്ഞതെന്നും ഇവർ അവകാശപ്പെടുന്നു. സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാൻ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കണം.

നന്മണ്ട ഗ്രാമപ്പഞ്ചായത്ത് റിട്ടേണിങ്‌ ഓഫീസർ എൽ.ഡി.എഫിന് അനുകൂലമായി സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ട സംഭവം തിരഞ്ഞെടുപ്പ് കമ്മിഷനെ പരാതിയായി ധരിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ മാറ്റാതെ തിരഞ്ഞെടുപ്പ് സ്വതന്ത്രമായി നടക്കില്ലെന്ന് ഡി.സി.സി. പ്രസിഡന്റ് യു. രാജീവൻ പറഞ്ഞു.