ചേർമല(പേരാമ്പ്ര)‘‘അന്നൊന്നും ഞങ്ങൾക്ക് അത് മനസ്സിലായിരുന്നില്ല. പിന്നെയാണ് ജാതിവിവേചനം തിരിച്ചറിഞ്ഞത്...’’ -കേരളത്തിലൊരിടത്തും കേട്ടുകേൾവിപോലുമില്ലാത്തൊരു വിവേചനത്തിന്റെ കാര്യമാണ് ഈ ചെറുപ്പക്കാർ പറയുന്നത്.

സാംബവക്കുട്ടികൾ പഠിക്കുന്ന സ്കൂളിൽ കുട്ടികളെ അയക്കില്ലെന്ന ചില രക്ഷിതാക്കളുടെ നിലപാടിനാൽ വാർത്തകളിലിടംനേടിയ പേരാമ്പ്ര ഗവ. വെൽഫെയർ എൽ.പി. സ്കൂളിൽ പഠിച്ചവരാണ് ഇവർ. ചേർമലയിലെ സാംബവകോളനിയിലെ താമസക്കാർ. ജാതിവിവേചനത്തിന്റെ കാര്യമൊന്നും അവിടെ പഠിക്കുമ്പോൾ തിരിച്ചറിഞ്ഞിരുന്നില്ല. അധ്യാപകരെല്ലാം നല്ലനിലയിലാണ് പെരുമാറിയിരുന്നതെന്നും അവർ ഓർക്കുന്നു.

തദ്ദേശതിരഞ്ഞെടുപ്പിൽ തങ്ങളുടെ കോളനിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടണമെന്നാണ് ഈ യുവാക്കളുടെ അഭിപ്രായം. കോളനിയിലേക്കെത്താൻ സുഗമമായ റോഡില്ല, നടപ്പാതയില്ല, വഴിവിളക്കില്ല. പ്രായമായവർക്ക് പെട്ടെന്ന് അസുഖമുണ്ടായാൽ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകാൻപോലും പ്രയാസം. പേരാമ്പ്രയോട് ഏറ്റവും അടുത്തുകിടക്കുമ്പോഴാണ് കോളനിക്ക് ഈ ദുരവസ്ഥ.

നടൻ സുരേഷ് ഗോപിയുടെ എം.പി. ഫണ്ടിൽനിന്ന് പണമനുവദിച്ചിട്ടും നടപ്പാത യാഥാർഥ്യമായില്ലെന്ന് സി.എം. കൈലാസും അർജുനും പറയുന്നു. വഴിവിളക്കുകൾ സ്ഥാപിച്ചാൽ കുറച്ചുനാൾകൊണ്ട് കേടാവും. വായനശാലയ്ക്ക് കെട്ടിടമുണ്ടാക്കി ഉദ്ഘാടനംചെയ്തിട്ടുണ്ടെങ്കിലും പ്രവർത്തനമൊന്നും നടക്കുന്നില്ല -അഖിൽരാജും പ്രണവും ചൂണ്ടിക്കാട്ടുന്നു.

പ്ലസ്‌ടുവരെ പഠിച്ചശേഷം കൂലിപ്പണിയിലേക്കു തിരിയേണ്ട സ്ഥിതിയാണ് ഇവിടെയുള്ള ചെറുപ്പക്കാർക്ക്. തുടർപഠനസൗകര്യങ്ങളില്ലെന്നതാണ് പ്രശ്നം. പ്ലസ്ടുവിൽ പരാജയപ്പെടുന്നതോടെ പഠനം അവസാനിപ്പിക്കുന്നവരെ വീണ്ടും പഠിക്കാൻ പ്രേരിപ്പിക്കാനും സംവിധാനങ്ങളില്ല. പട്ടികജാതിവിഭാഗക്കാർക്ക് പഠനത്തുടർച്ചയ്ക്ക് സർക്കാർതലത്തിൽ സഹായങ്ങളുള്ളപ്പോഴാണ് ഇവിടെ ഈ സ്ഥിതി.

മുപ്പതുവീടുകളിലായി നൂറിലേറെ കുടുംബങ്ങളാണ് ഈ കോളനിയിലുള്ളത്. 1992-ൽ പണിത വീടുകൾ വീണ്ടും പുതുക്കിനന്നാക്കിയിട്ടുണ്ടിപ്പോൾ.