കോഴിക്കോട് : നോവലിലെ കഥാപാത്രമായ ഈ അസീസ് ഇപ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലാണ്. ഒളവണ്ണ പഞ്ചായത്ത് 18-ാം വാർഡായ ഒടുമ്പ്രയിലെ കോൺഗ്രസ് സ്ഥാനാർഥിയായി വീടുകയറി വോട്ടുചോദിക്കുന്നതിന്റെ ഓട്ടത്തിലാണ് മഠത്തിൽ അബ്ദുൾ അസീസ്.

ഇക്കുറി സ്ഥാനാർഥിക്കുപ്പായമണിഞ്ഞശേഷവും അസീസിന് ഇത്തരത്തിൽ ഒരു നിയോഗമുണ്ടായി. സൂക്ഷ്മപരിശോധന കഴിഞ്ഞ വൈകുന്നേരമായിരുന്നു അത്. റഹ്മാൻ ബസാറിലെ മൺകുഴിയിൽവീണ നാലുദിവസം പഴക്കമുള്ള ശരീരമാണ് അന്നു പുറത്തെടുത്തത്. പോലീസ് അറിയിച്ചപ്പോൾ മുൻപിൻനോക്കാതെ ഓടിയെത്തുകയായിരുന്നു അദ്ദേഹം.

പതിനഞ്ചാം വയസ്സിൽ തുടങ്ങിയതാണ് പണമൊന്നും വാങ്ങാതെയുള്ള ഈ സേവനം. പ്രതിഫലം ലഭിക്കുന്ന മറ്റുതൊഴിലുകൾ ചെയ്യുന്നുണ്ടല്ലോ, ഈ കർമം തന്റെ നിയോഗമാണ് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

തദ്ദേശതിരഞ്ഞെടുപ്പിൽ മൂന്നാംതവണയാണ് അസീസ് മത്സരിക്കുന്നത്. ആദ്യം ബ്ലോക്ക് പഞ്ചായത്തിലേക്കായിരുന്നു മത്സരം. അക്കുറി വിജയിച്ചില്ല. കഴിഞ്ഞതവണ ഒളവണ്ണ പഞ്ചായത്ത് 15-ാം വാർഡിൽനിന്ന് ജയിച്ച് പഞ്ചായത്തംഗമായി. ഇക്കുറി അത് വനിതാസംവരണവാർഡാണ്.

‘‘വീടുകളിലൊക്കെ ചെല്ലുമ്പോൾ എല്ലാവർക്കും പരിചയമുണ്ട്. ഒടുമ്പ്ര ഭാഗത്തുനിന്നുതന്നെ പത്തിരുപതോളം പേരുടെ മൃതദേഹങ്ങൾ ഞാൻ പുറത്തെടുത്തിട്ടുണ്ട്’’ -വിജയസാധ്യതയെക്കുറിച്ചു ചോദിക്കുമ്പോൾ ആത്മവിശ്വാസത്തോടെയാണ് മറുപടി. ഒളവണ്ണ നാഗത്തുംപാടത്താണ് അബ്ദുൾ അസീസിന്റെ വീട്. പി. ബാബുരാജൻ (സി.പി.എം.), ടി.ടി. ബൈജു (ബി.ജെ.പി.) എന്നിവരാണ് ഈ വാർഡിലെ മറ്റു സ്ഥാനാർഥികൾ.