കോഴിക്കോട് : സബ് കോടതിയിൽ കേസ് തോറ്റാൽ, അപ്പീലുമായി പോവുക ജില്ലാ കോടതിയിലേക്കാണ്. കോൺഗ്രസിൽ ബ്ലോക്ക് തലത്തിലെ തർക്കങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ ജില്ലാതലത്തിലുള്ള കോർകമ്മിറ്റിക്കാണ് പരാതിനൽകുക.

പേരാമ്പ്ര ഭാഗത്തെ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ മത്സരിക്കാൻ ബ്ലോക്ക് പ്രസിഡന്റിന്‍റെ പേരാണ് എ വിഭാഗം നിർദേശിച്ചത്. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിശ്വസ്തന്റെ പേരും ഇവിടെ ഉയർന്നുവന്നു. തർക്കം കോർകമ്മിറ്റിയിലെത്തി. പരിഹരിക്കാൻ ബുധനാഴ്ച കോർകമ്മിറ്റി ചേർന്നു.

പേരാമ്പ്രയിലെ കാര്യം പരിഗണിക്കാനെടുത്തപ്പോൾ കോർകമ്മിറ്റിയിലെ ഒരംഗം തനിക്കുവന്ന വാട്ട്സാപ്പ് സന്ദേശം മറ്റുള്ള അംഗങ്ങളെ കാണിച്ചു. കെ.പി.സി.സി. പ്രസിഡന്റിന്റെ വിശ്വസ്തന്റെ പേര് ഉൾപ്പെടുന്ന സ്ഥാനാർഥിപ്പട്ടികയായിരുന്നു അത്. ഡി.സി.സി.യിൽനിന്ന് അംഗീകരിച്ച സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടശേഷം, സീറ്റ് ആർക്കുനൽകണമെന്ന ചർച്ച വെറും നാടകമല്ലേ എന്നായി രണ്ട് അംഗങ്ങൾ. കെ.പി.സി.സി.യുടെ ‘ഹൈക്കോടതി’ പരിഗണിച്ച് വിധിപറഞ്ഞ സീറ്റിന്റെ കാര്യത്തിലാണ് വെറുതെ മൂന്നു മണിക്കൂർ തള്ളിയത്. ലേബർറൂമിന് പുറത്ത് ആകാംക്ഷയോടെ ഇരിക്കുന്ന ഭർത്താവിനെപ്പോലെ മൂന്നുമണിക്കൂർ പാവം ബ്ലോക്ക് പ്രസിഡന്റിനെ കോർകമ്മിറ്റിയോഗം നടന്ന മുറിക്കുപുറത്ത് ഇരുത്തിച്ചത് ചതിയായിപ്പോയെന്ന് അല്പം ധാർമികരോഷത്തോടെ മറ്റൊരംഗം.

അപ്പോഴും ഉണ്ടാവുമോഈ സ്നേഹം...

സ്ഥാനാർഥിപ്പട്ടിക പൂർത്തിയാക്കാനാവാതെ ആറാംദിവസം ചർച്ച തുടർന്നപ്പോൾ കോഴിക്കോട് കോർപറേഷനിലെ ഒരു ഡിവിഷനിലേക്ക് മുൻ ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു മത്സരിക്കട്ടെ എന്ന് കെ.പി.സി.സി. സംസ്ഥാന ഭാരവാഹി നിർദേശിച്ചു. കാൽനൂറ്റാണ്ടായി മത്സരരംഗത്തുനിന്ന് മാറിനിൽക്കുന്ന അബുവിന്റെ മറുപടി ഇങ്ങനെ: ‘‘മത്സരിക്കുന്നതിൽ വിരോധമില്ല. പക്ഷേ, ഭാര്യക്കുംകൂടി മത്സരിക്കാൻ ഒരു സീറ്റ് നൽകണം. മകൾ കെ.സി. ശോഭിതയെ പാറോപ്പടിയിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചതാണല്ലോ. എങ്കിൽ കുടുംബത്തോടെ മത്സരിച്ചു എന്ന അംഗീകാരവുമാവില്ലേ...’’ നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോഴും ഈ പരിഗണനയും സന്മനസ്സും ഉണ്ടാവണമെന്നുകൂടി അബു പറഞ്ഞതോടെ സെക്രട്ടറി വേഗം വിഷയം മാറ്റി.

വനിതാ സീറ്റിൽ പത്രിക നൽകി; തള്ളിപ്പോയി

വനിതകൾ ജനറൽ സീറ്റിൽ മത്സരിക്കുന്നതുകണ്ട് പുരുഷൻ വനിതാ സീറ്റിൽ പോയി മത്സരിച്ചാൽ എന്തുസംഭവിക്കുമെന്നാണ് ചോദ്യമെങ്കിൽ കളക്ടർ സാംബശിവറാവു അതിന് മറുപടിപറയും. വനിതാ സീറ്റായ ജില്ലാ പഞ്ചായത്ത് ബാലുശ്ശേരി ഡിവിഷനിലെ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കുമ്പോൾ ആദ്യം കിട്ടിയത് ഒരു പുരുഷന്റെ പത്രിക. മാറിവന്നുപോയതാവും എന്നാണ് ആദ്യം കരുതിയത്. സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ബാലുശ്ശേരി ഡിവിഷൻതന്നെ. സ്ഥാനാർഥി പുരുഷനാണെന്ന് ഉറപ്പായപ്പോൾ കളക്ടർ തീരുമാനം വ്യക്തമാക്കി; പത്രിക തള്ളുക.