Shobitha
കെ.സി ശോഭിതയെ അണിയിച്ചൊരുക്കുന്നു

കോഴിക്കോട് : തിരഞ്ഞെടുപ്പുകാലമാണല്ലോ പോസ്റ്ററുകളിലൊക്കെ തിളങ്ങി നിൽക്കണം. അതുമാത്രം പോരാ, ഇത്തവണ സാമൂഹികമാധ്യമങ്ങളിൽക്കൂടെ ‘അഭിനയിക്കണം’. അതുകൊണ്ട് മേക്കപ്പിട്ട് അണിഞ്ഞൊരുങ്ങുകയാണ് സ്ഥാനാർഥികൾ.

കോഴിക്കോട് കോർപ്പറേഷനിലെ യു.ഡി.എഫ്. സ്ഥാനാർഥികളുടെ ഫോട്ടോഷൂട്ടായിരുന്ന വെള്ളിയാഴ്ച. മേക്കപ്പ്‌ കഴിഞ്ഞ് ആദ്യം ഫോട്ടോഷൂട്ട്, പിന്നെ വീഡിയോ ചിത്രീകരണം. പ്രചാരണത്തിന്റെ ഓട്ടപ്പാച്ചിലിനിടയിലായിരുന്നു ഇതെല്ലാം. പലരും വീഡിയോ ക്യാമറയ്ക്കു മുന്നിൽ ആദ്യമാണെങ്കിലും ഒറ്റടേക്കുകൊണ്ടുതന്നെ ഒ.കെ.യായി.

ഇനി അത് സാമൂഹികമാധ്യമങ്ങളിൽ ‘റിലീസാവുമ്പോൾ’ പറഞ്ഞതൊന്നും തെറ്റിപ്പോയിട്ടില്ലല്ലോ എന്ന ടെൻഷനുമുണ്ട് ചിലരുടെ മുഖത്ത്. മേക്കപ്പിട്ട് കഴിഞ്ഞപ്പോൾ വോട്ടർമാർക്ക് തിരിച്ചറിയാനാവാത്തരീതിയിൽ ‘ഭംഗി’ കൂടിപ്പോയിട്ടില്ലല്ലോ എന്നുചില സ്ഥാനാർഥികൾക്ക് ആശങ്ക. 19 സ്ഥാനാർഥികളാണ് വെള്ളിയാഴ്ച എത്തിയത്. ബാക്കിയുള്ളവരുടേത് ശനിയാഴ്ച നടക്കും. പയ്യോളി, കൊയിലാണ്ടി നഗരസഭകളിലും തിക്കോടി, മൂടാടി പഞ്ചായത്തുകളിലുമെല്ലാം നേരത്തേ ഇത് പൂർത്തിയായിക്കഴിഞ്ഞു.

ഇനി പ്രസംഗം പഠിക്കണം

ഫോട്ടോഷൂട്ടും വീഡിയോചിത്രീകരണവും കഴിഞ്ഞാൽ അടുത്തയാഴ്ച സ്ഥാനാർഥികൾക്കുള്ള പ്രസംഗപരിശീലനമാണ്. 24-ന് കല്ലായിറോഡിലെ ഹോട്ടലിൽ വിദഗ്ധരായ പ്രസംഗപരിശീലകരുടെ നേതൃത്വത്തിലാണ് പരിപാടി. ഒരു വാക്കുപിഴച്ചുപോയാൽ ചിലപ്പോൾ വോട്ടുതന്നെ നഷ്ടമാവും. അതുകൊണ്ട് പ്രചാരണവേദികളിൽ പ്രസംഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നാണ് പഠിപ്പിക്കുന്നത്. കോർപ്പറേഷനിലെ 75 പേർക്കും ഒരേ സമയത്താണ് പരിശീലനം.