കോഴിക്കോട്: ജീവിതത്തിന്റെ തീക്ഷ്ണകാലത്ത് ഇവർ പോരിനിറങ്ങുന്നു. സമരമുഖങ്ങളിൽ പോർവിളിമുഴക്കിയ ഇവരിൽ പലർക്കും ഇത് കലാലയകാലത്തിനപ്പുറമുള്ള കന്നി ബാലറ്റ്‌യുദ്ധം. ചുറുചുറുക്കും ചോരത്തിളപ്പും ഇന്ധനമാക്കി പൊരുതുന്ന ജില്ലയിലെ വിദ്യാർഥി-യുവജന സംഘടനാഭാരവാഹികളാണിവർ. ഇവർക്ക് സമൂഹികമാധ്യമങ്ങളിലടക്കം പ്രചാരണത്തിന് പ്രിയ കൂട്ടുകാരുണ്ട്, പ്രായമേശാത്ത ഉത്സാഹമുണ്ട്... സർവോപരി അങ്കം ജയിക്കുമെന്ന ആത്മവിശ്വാസവും.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം. ധനീഷ് ലാൽ ജില്ലാ പഞ്ചായത്ത് കുന്ദമംഗലം ഡിവിഷനിലും വി.പി. ദുൽഖിഫിൽ പയ്യോളി അങ്ങാടി ഡിവിഷനിലും പി.കെ. രാകേഷ് പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് 8-ാം വാർഡിലുമാണ് മാറ്റുരയ്ക്കുന്നത്. ജില്ലാ ജനറൽ സെക്രട്ടറി ബവീഷ് ചേളന്നൂർ, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ ഒളോപ്പാറ ഡിവിഷനിൽ മത്സരിക്കുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ജവഹർ പൂമംഗലം നരിക്കുനി പഞ്ചായത്ത് ഒന്നാം വാർഡിൽ ജനവിധി തേടുന്നു.

ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗങ്ങളായ എം. സമീഷ് ഫറോക്ക് നഗരസഭയിലേക്കും പി. മുരളീധരൻ കോർപറേഷൻ എടക്കാട് ഡിവിഷനിലേക്കും എം. ഫാസിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഒളോപ്പാറ ഡിവിഷനിലേക്കും ടി. മെഹ്‌റൂഫ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലേക്കും കെ. സുബിഷ വില്യാപ്പള്ളി ഗ്രാമപ്പഞ്ചായത്തിലേക്കും മത്സരിക്കുന്നു. ജില്ലയിൽ അറുപതോളം കീഴ്ഘടകങ്ങളിലെ ഡി.വൈ.എഫ്.ഐ. ഭാരവാഹികൾ തദ്ദേശസ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നുണ്ടെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി.

കെ.എസ്.യു. ജില്ലാ പ്രസിഡന്റ് വി.ടി. നിഹാൽ കോർപറേഷൻ പുതിയറ വാർഡിൽ മത്സരിക്കുന്നു. ജില്ലാ വൈസ് പ്രസിഡന്റുമാരായ ജെറിൽ ബോസ് ജില്ലാ പഞ്ചായത്ത് കക്കോടി ഡിവിഷനിലും പി.പി. റെമീസ് ചക്കുംകടവ് വാർഡിലും ജാസിൽ പുതുപ്പാടി, പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് 15-ാം വാർഡിലും മത്സരിക്കുന്നു. ജില്ലാ സെക്രട്ടറി സനോജ് കുരുവട്ടൂർ, കുരുവട്ടൂർ ഗ്രാമപ്പഞ്ചായത്ത് നാലാം വാർഡിൽ അങ്കംകുറിക്കുന്നു.

യുവമോർച്ച ജില്ലാ പ്രസിഡന്റ് പി. രനീഷ് കോർപറേഷൻ പുതിയറ ഡിവിഷനിൽ മത്സരിക്കുന്നു. ജില്ലാ ജനറൽ സെക്രട്ടറി ജുബിൻ ബാലകൃഷ്ണൻ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പേരാമ്പ്ര ഡിവിഷൻ സ്ഥാനാർഥിയാണ്.