കോഴിക്കോട് : കേരള കോൺഗ്രസ് ഡമ്മിസ്ഥാനാർഥിയുടെ പത്രിക തള്ളിയത് നിയമത്തിലെ അജ്ഞതകാരണം. സ്ഥാനാർഥിയെ പിന്താങ്ങിയത് അദ്ദേഹം മത്സരിക്കുന്ന വാർഡിൽനിന്നുള്ളയാളല്ല. ഇതിന് നിയമപരമായി സാധുതയില്ല. മുഖ്യവരണാധികാരി ഇക്കാര്യം വിശദീകരിച്ചു. നിരാശനായിനിന്ന സ്ഥാനാർഥിയുടെ കൂട്ടുകാരൻ ആശ്വസിപ്പിച്ചു: ‘‘ബേജാറുവേണ്ടാ, ഡമ്മിയല്ലേ’’. ഒറിജിനൽ സ്ഥാനാർഥി സമീപത്തുനിന്ന് ചിരിച്ചു. തനിക്ക് കുഴപ്പമൊന്നും സംഭവിച്ചില്ലല്ലോ, മഹാഭാഗ്യം എന്ന ഭാവത്തിൽ. കളക്ടറുടെ ചേംബറിൽനിന്ന് ഇറങ്ങിപ്പോകുമ്പോൾ ഡമ്മിയുടെ ആത്മഗതം: ‘‘എനിക്ക് ഒരു യാത്ര ഒഴിവായിക്കിട്ടി. പത്രിക പിൻവലിക്കാൻ ഒരുപ്രാവശ്യം കൂടി ഇവിടെ വരേണ്ടതില്ലല്ലോ’’...

ഇഷ്ടചിഹ്നത്തിനൊരു ശ്രമം

ജില്ലാപഞ്ചായത്തിലേക്ക് 238 പത്രികയാണ് ആകെ സമർപ്പിക്കപ്പെട്ടത്. വ്യാഴാഴ്ചമാത്രം നൽകപ്പെട്ടത് 98 എണ്ണം. പത്രികകളുടെ ബാഹുല്യമുണ്ടെങ്കിലും പരിശോധന കർക്കശം. സ്ഥാനാർഥിയും അദ്ദേഹം ചുമതലപ്പെടുത്തിയ ആളുകളുമൊക്കെ താഴത്തെ നിലയിലെ ഹാളിൽ കോവിഡ് നിബന്ധനകൾ പാലിച്ച് ക്ഷമയോടെ കാത്തിരുന്നു.

ഇതിനിടെ, ഒരു സ്ഥാനാർഥിയുടെ ഏജന്റിന് ഒരു പൂതി -സ്വതന്ത്രസ്ഥാനാർഥിക്ക്‌ ഇഷ്ടചിഹ്നം അനുവദിക്കുന്നതിൽ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനാവുമോ ? വെറുതേ, ഒരു ശ്രമം നടത്തിനോക്കി. നോ രക്ഷ... “ചിഹ്നം സ്വതന്ത്രസ്ഥാനാർഥിയുടെ മൗലികാവകാശമല്ല. താത്‌പര്യപ്പെടുന്ന ചിഹ്നങ്ങളിൽ ഏതെങ്കിലും ഒന്ന് കിട്ടിയേക്കാം. അത്രതന്നെ” -ഉദ്യോഗസ്ഥർ ക്ഷമയോടെ വിശദീകരിച്ചു.