വടകര : കന്നിവോട്ടിൽത്തന്നെ സ്ഥാനാർഥിയായിരിക്കയാണ് ഭവ്യ. വടകര ബ്ലോക്ക് പഞ്ചായത്തിലെ ചോറോട് ഡിവിഷനിലാണ് കുരിക്കിലാട് സ്വദേശി ഇരുപത്തിരണ്ടുകാരി ഭവ്യ യു.ഡി.എഫ്. സ്ഥാനാർഥിയായത്.

കഴിഞ്ഞവർഷംനടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭവ്യയുടെ പേര് വോട്ടർപട്ടികയിൽ ഉണ്ടായിരുന്നില്ല. ഇത്തവണയാണ് പേരുചേർത്തത്. കന്നിവോട്ടുചെയ്യാൻ കാത്തിരിക്കുന്നതിനിടെയാണ് സ്ഥാനാർഥിത്വവും തേടിയെത്തിയത്. കോൺഗ്രസ് പ്രവർത്തകൻ കുരിക്കിലാടിലെ കുനിയിൽ ഭാസ്കരന്റെയും മഹിളാകോൺഗ്രസ് ചോറോട് മണ്ഡലം മുൻ പ്രസിഡന്റ് ഷീനയുടെയും മകളാണ് ഭവ്യ.

യുവത്വത്തിന് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് കോൺഗ്രസ് ഭവ്യയെ സ്ഥാനാർഥിയാക്കിയത്. ഡിഗ്രി കഴിഞ്ഞ ഭവ്യ പി.എസ്.സി. പരീക്ഷാപരിശീലനത്തിന് പോകുന്നുണ്ട്.