കോഴിക്കോട് : തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് ലഭിച്ച നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായതോടെ ജില്ലയിൽ 225 പത്രിക തള്ളി. പത്രികകൾ തള്ളിയതോടെ മൂന്നിടങ്ങളിൽ എൻ.ഡി.എ.യ്ക്ക് സ്ഥാനാർഥികളില്ലാതായി. വടകര നഗരസഭയിലെ 10, 24 വാർഡുകളിലെയും വേളം പഞ്ചായത്തിലെ 10-ാം വാർഡിലെയും പത്രികകളാണ് തള്ളിയത്.

യു.ഡി.എഫ്., എൽ.ഡി.എഫ് മുന്നണികളുൾപ്പെടെ മറ്റു സ്ഥാനാർഥികളുടെയെല്ലാം പത്രികകൾ സ്വീകരിച്ചു. ചില പത്രികകളിൽ തർക്കമുണ്ടായതിനെത്തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനായി അയച്ചു. ആകെ ലഭിച്ച 12,207 നാമനിർദേശപത്രികയിൽ 11,968 എണ്ണം സ്വീകരിച്ചു. 14 നാമനിർദേശപത്രിക പിൻവലിച്ചു. ജില്ലാപഞ്ചായത്തിലേക്ക് ആകെ ലഭിച്ച 238 നാമനിർദേശപത്രികയിൽ മൂന്നെണ്ണം തള്ളി. കോഴിക്കോട് കോർപ്പറേഷനിൽ ഡമ്മി സ്ഥാനാർഥികളുടേതുൾപ്പെടെ 808 പത്രികയും സ്വീകരിച്ചു.

രാമനാട്ടുകര, ഫറോക്ക് നഗരസഭയിൽ മുഴുവൻ പത്രികകളും സ്വീകരിച്ചു. രാമനാട്ടുകരയിൽ ഡിവിഷൻ 11 ലെ എൽ.ഡി.എഫ്. സ്ഥാനാർഥിയായ പി.കെ.ഹഫ്‌സലിനെനെതിരേ യുഡി.എഫ്. എതിർപ്പ് ഉയർത്തിയിരുന്നു. വാഹനത്തിന്റെ ടാക്‌സ് അടച്ചില്ലെന്നും ഇത് സ്ഥാനാർഥിക്ക് ബാധ്യതയാണെന്നുമാണ് പരാതി ഉയർന്നത്.

പക്ഷേ വരണാധികാരി വിവേചനാധികാരം ഉപയോഗിച്ച് കാരണം ബോധിപ്പിക്കാൻ പൂർണ സമയം അനുവദിച്ചു. കുടിശ്ശിക അടച്ചു തീർത്ത് ഉച്ചയോടെ രസീതി ഹാജരാക്കിയപ്പോൾ പത്രിക സ്വീകരിച്ചു. ഇതിനെതിരെ കോടതിയെ സമീപിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് യു.ഡി.എഫ് നേതൃത്വം അറിയിച്ചു.

പന്തീരാങ്കാവ്

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിൽ നാമനിർദേശ പത്രിക സൂക്ഷ്മപരിശോധനയിൽ സമർപ്പിച്ച എല്ലാ പത്രികകളും സ്വീകരിച്ചു. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾക്ക് എല്ലാ ഡിവിഷനിലും സ്ഥാനാർഥികളുണ്ട്.

ഡിവിഷൻ, സ്വീകരിച്ച പത്രികകളുടെ എണ്ണം എന്ന ക്രമത്തിൽ. ഇരിങ്ങല്ലൂർ: ആറ്, പാലാഴി: അഞ്ച്, പന്തീരാങ്കാവ്: അഞ്ച്, കൊടൽ നടക്കാവ് : അഞ്ച്, മണക്കടവ്: നാല്, ഒളവണ്ണ: നാല്, ഒടുമ്പ്ര: ആറ്, ചാലിയം: നാല്, വടക്കുമ്പാട്: അഞ്ച്, മണ്ണൂർ: മൂന്ന്, കടലുണ്ടി: നാല്, വട്ടപറമ്പ്: നാല്, കടുക്ക ബസാർ: അഞ്ച്.