പാറക്കടവ്: അങ്ങനെ 62-ാം വയസ്സിൽ ചെക്യാട് ഉമ്മത്തൂർ സ്വദേശി തിരുമ്പൽ രാജന് കന്നിവോട്ട്. ഇളയമകൾ അശ്വനിക്കും ഇത്തവണ ആദ്യവോട്ടാണ്. ഡിസംബർ 14-ന് മകൾക്കൊപ്പം രാജനും ജീവിതത്തിലെ ആദ്യത്തെ വോട്ട് രേഖപ്പെടുത്തും.

ഇതുവരെ രാജൻ വോട്ടുചെയ്യാതെ പോയതിന്റെ കഥ ഇങ്ങനെ: 1977-ൽ തന്റെ ഇരുപതാം വയസ്സിൽ പ്രവാസിയായതാണ് രാജൻ. മസ്‌ക്കറ്റിലെ ഒരു കമ്പനിയിലായിരുന്നു ജോലി. രണ്ടുവർഷംകൂടുമ്പോൾ രണ്ടുമാസം നാട്ടിലെത്തും. നാട്ടിൽവന്ന് വോട്ടർപ്പട്ടികയിൽ പേര് ചേർത്ത് തിരിച്ചുപോയി ഏതാനും മാസം കഴിയുമ്പോഴേക്കും വോട്ടർപ്പട്ടികയിൽനിന്ന് ആരെങ്കിലുമൊക്കെ വോട്ട് തള്ളിക്കും. പ്രവാസിയാണ്, നാട്ടിലില്ല എന്ന കാരണം പറഞ്ഞ് പലതവണ വോട്ട് തള്ളി. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും നാട്ടിൽ വരാൻ നോക്കിയാൽ വോട്ടർപ്പട്ടികയിൽ പേരുണ്ടാകില്ല. ഒടുവിൽ നാലു പതിറ്റാണ്ടിനുശേഷം പ്രവാസം മതിയാക്കിയത് 2018-ൽ.

നാട്ടിൽ തിരിച്ചെത്തിയശേഷം ആദ്യംചെയ്തത് വോട്ടർപ്പട്ടികയിൽ പേരുചേർക്കുന്നതിന് അപേക്ഷ നൽകലായിരുന്നു. കഴിഞ്ഞദിവസം ചെക്യാട് പഞ്ചായത്തിലെത്തി അന്വേഷിച്ചപ്പോൾ വിവരം കിട്ടി. വോട്ടർപ്പട്ടികയിൽ പേരുണ്ട്... നാടിന്റെ വികസനപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന മുന്നണിക്കായിരിക്കും തന്റെ കന്നിവോട്ടെന്ന് രാജൻ പറയുന്നു. ഉമ്മത്തൂർ പതിന്നാലാം വാർഡിലാണ് വോട്ട്. രേഖയാണ് രാജന്റെ ഭാര്യ. മൂത്തമകൾ: രേഷ്മ. പ്രവാസജീവിതം അവസാനിപ്പിച്ച് തൂണേരി പഞ്ചായത്ത് ഓഫീസിന് സമീപം ഫാൻസി കട നടത്തുകയാണ് ഇപ്പോൾ രാജൻ.