കൊയിലാണ്ടി : നഗരസഭയിലെ 36-ാം ഡിവിഷനിൽ യു.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത് കഴിഞ്ഞതവണ സി.പി.എം. സ്ഥാനാർഥിയായി ജയിച്ച നഗരസഭാ സ്ഥിരം സമിതിഅധ്യക്ഷകൂടിയായ ദിവ്യാ ശെൽവരാജ്. 36-ാം ഡിവിഷൻ ജനറൽവാർഡാണ്. ഇവിടെയാണ് ദിവ്യയെ സ്വതന്ത്ര സ്ഥാനാർഥിയായി യു.ഡി.എഫ്. മത്സരിപ്പിക്കുന്നത്.

വാർഡ് 27-ൽ മുൻ നഗരസഭാ കൗൺസിലറും സി.പി.എം. പ്രവർത്തകനുമായിരുന്ന എൻ.വി. രവീന്ദ്രൻ സ്വതന്ത്രസ്ഥാനാർഥിയായി പത്രിക നൽകിയിട്ടുണ്ട്. 2010-15 കാലഘട്ടത്തിലാണ് രവീന്ദ്രൻ സി.പി.എം. പ്രതിനിധിയായി നഗരസഭാ കൗൺസിലറായത്. ഇവിടെ സി.പി.എം. സ്ഥാനാർഥിയായി മത്സരിക്കുന്നത് ഏരിയാ കമ്മിറ്റി അംഗവും ഇക്കഴിഞ്ഞ നഗരസഭയിലെ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാനുമായ കെ. ഷിജുവാണ്. കോൺഗ്രസ് സ്ഥാനാർഥിയായി പി.വി. ആലിയും ബി.ജെ.പി സ്ഥാനാർഥിയായി എം.പി. ജിനീഷും മത്സരിക്കുന്നു. സി.പി.എം. അംഗത്വത്തിൽ നിന്ന് മൂന്നുവർഷംമുമ്പെ ഒഴിവായതാണെന്ന് എൻ.വി. രവീന്ദ്രൻ പറഞ്ഞു.