കോഴിക്കോട് : പത്രികസമർപ്പണം പൂർത്തിയായതോടെ മുന്നണികൾക്ക് ഭീഷണിയായി വിമതർ. കഴിഞ്ഞ തവണകളിൽ ഉണ്ടായിരുന്നത്ര വിമതർ രംഗത്തില്ലെന്നതാണ് ആശ്വാസം. സൂക്ഷ്മപരിശോധനയും പിൻവലിക്കലും കഴിയുന്നതോടെ വിമതരൊക്കെ മാറി സ്ഥാനാർഥികൾ മാത്രമാവും കളത്തിലെന്ന് മുന്നണി നേതൃത്വങ്ങൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. അനുനയശ്രമങ്ങളുമായി അവർ രംഗത്ത് സജീവമാണ്.

ജില്ലാപഞ്ചായത്ത് ബാലുശ്ശേരി ഡിവിഷനിലെ യു.ഡി.എഫ്. സ്ഥാനാർഥിയായ എ.ഐ.സി.സി. അംഗം ഡോ. എം. ഹരിപ്രിയക്ക് വിമതസ്ഥാനാർഥിയായി ഉണ്ണികുളം പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി. ഷൈനി പത്രികനൽകി. ഉണ്ണികുളം മണ്ഡലം മഹിളാകോൺഗ്രസ് പ്രസിഡന്റായ ഷൈനിയുടെ പേര് സാധ്യതാപട്ടികയിലുണ്ടായിരുന്നുവെന്നാണ് ഒരുവിഭാഗം പ്രവർത്തകർ പറയുന്നത്.

കൊടുവള്ളി നഗരസഭയിൽ മുൻകൗൺസിലർ കാരാട്ട് ഫൈസൽ വിമതനായി രംഗത്തുണ്ട്. അവിടെ ഒ.പി. റഷീദാണ് എൽ.ഡി.എഫിന്റെ ഔദ്യോഗികസ്ഥാനാർഥി.

കോഴിക്കോട് കോർപ്പറേഷനിൽ മുൻമേയർമാരുടെ മക്കൾ ഔദ്യോഗികസ്ഥാനാർഥിയും വിമതനുമായി രംഗത്തുണ്ട്. കരുവശ്ശേരി വാർഡിൽ എം. ഭാസ്കരന്റെ മകൻ വരുൺ ഭാസ്കറാണ് സി.പി.എം. സ്ഥാനാർഥി. സി.പി.എം. മേയറായിരുന്ന പി. കുട്ടികൃഷ്ണൻനായരുടെ മകൻ പാറാടത്ത് സുരേന്ദ്രനാണ് അതേ വാർഡിൽ സ്വതന്ത്രനായി പത്രിക നൽകിയത്.

ആഴ്ചവട്ടം വാർഡിൽ നിലവിലെ സി.പി.എം. കൗൺസിലർ പി.പി. ഷഹീദ പത്രിക നൽകിയിട്ടുണ്ട്. എൽ.ജെ.ഡി.യുടെ എൻ.സി. മോയിൻകുട്ടിയാണ് ഇവിടെ എൽ.ഡി.എഫ്. സ്ഥാനാർഥി. വലിയങ്ങാടിയിൽ എസ്.കെ. അബൂബക്കറിന് വിമതനായി എൻ. ലബീബ്, പുഞ്ചപ്പാടത്ത് രാജീവൻ തിരുവച്ചിറയ്‌ക്കെതിരേ എ.എം. അനിൽകുമാർ, പാളയത്ത് സകരിയ്യ പി. ഹുസൈനെതിരേ എ.ടി. മുഹമ്മദ് റഫീഖ് എന്നിവരാണ് പത്രിക നൽകിയത്. കോൺഗ്രസ് സ്ഥാനാർഥികളാണ് ഇവിടെയെല്ലാം യു.ഡി.എഫിനുവേണ്ടി രംഗത്തുള്ളത്.