താമരശ്ശേരി : യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായ താമരശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ സ്ഥാനാർഥിനിർണയത്തിൽ കാലവിളംബവും വിമതഭീഷണിയും. മറുവശത്ത് പാർട്ടി ചിഹ്നത്തിൽ മുഴുവൻ പേരെയും അണിനിരത്താനാവാതെ വികസന മുന്നേറ്റ മുന്നണിയായി പരീക്ഷണത്തിന് എൽ.ഡി.എഫ്.

എൽ.ഡി.എഫിന് കഴിഞ്ഞതവണ ഭൂരിപക്ഷം കിട്ടിയിട്ടും നാലുവർഷത്തോളം യു.ഡി.എഫിന് പ്രസിഡന്റ് പദം ലഭിച്ച പുതുപ്പാടിയിൽ ഭൂസമരസമിതിയുടെ സ്ഥാനാർഥിപ്രഖ്യാപനം. മുന്നണികളെ മാറിമാറി തുണയ്ക്കുന്ന കട്ടിപ്പാറയിലാവട്ടെ വലിയ അപരസ്വരങ്ങളില്ലാതെ മൂന്നു മുന്നണികളിലും സ്ഥാനാർഥിനിർണയം പൂർത്തിയായി.

മൂന്നുതവണ മത്സരിച്ചവർ മാറിനിൽക്കണമെന്ന നേതൃത്വത്തിന്റെ തീരുമാനത്തെത്തുടർന്ന് താമരശ്ശേരിയിൽ മുസ്‌ലിംലീഗ് സ്ഥാനാർഥികളിൽ രണ്ടുപേരൊഴികെ ബാക്കി എട്ടുപേരും പുതുമുഖങ്ങളാണ്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർഥിയായി പരിഗണിക്കപ്പെട്ടിരുന്ന പ്രമുഖ ലീഗ് നേതാവ് ഉൾപ്പെടെയുള്ളവർ പ്രാദേശികവാദ എതിർപ്പിന്റെ പേരിൽ ഒഴിഞ്ഞുനിൽക്കുകയും ചെയ്തു. പത്രികസമർപ്പണത്തിന് ഒരുദിവസംമുമ്പേ സമ്പൂർണ സ്ഥാനാർഥിപ്രഖ്യാപനം നടത്താൻ മുസ്‌ലിംലീഗിന് സാധിച്ചു.

അതേസമയം, കോൺഗ്രസിൽ സ്ഥാനാർഥികളാരാവണമെന്നത് സംബന്ധിച്ച് എല്ലാ വാർഡുകളിലും ധാരണയായത് നാമനിർദേശപത്രികസമർപ്പണ സമയം പിന്നിട്ട ശേഷം മാത്രമാണ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മത്സരിക്കുന്ന വാർഡിലും അച്ചടക്കനടപടിക്ക്‌ വിധേയനായയാളെ മത്സരിപ്പിക്കുന്ന വാർഡിലുമാണ് വിമതസാന്നിധ്യമുള്ളത്. ഒരിടത്ത് വാർഡ് ഭാരവാഹിയും മറ്റൊരിടത്ത് മുൻ എൻ.ജി.ഒ.എ. നേതാവുമാണ് പത്രിക നൽകിയത്. ലീഗുമായി മുമ്പ് കോൺഗ്രസ് വെച്ചുമാറിയ ഒരു വാർഡിൽ മുൻ പഞ്ചായത്ത് പ്രസിഡന്റിനെ സ്ഥാനാർഥിയായി നിശ്ചയിച്ചെങ്കിലും അവരെ പിന്നീട് ബ്ലോക്ക് ഡിവിഷനിലേക്ക് മാറ്റി. ഇവിടെ നേരത്തേ പ്രചാരണം തുടങ്ങിയ ലീഗ് നേതാവിന്റെ ഭാര്യയെ കോൺഗ്രസിന്റെ സീറ്റിൽ സ്ഥാനാർഥിയാക്കേണ്ടിവന്നു. സ്ഥാനാർഥിത്വം നിശ്ചയിച്ചതിനുശേഷം ഇവർക്ക് പാർട്ടി അംഗത്വവും നൽകി. കഴിഞ്ഞതവണ ബി.ജെ.പി. രണ്ടാംസ്ഥാനത്തെത്തിയ വാർഡിൽ ജയസാധ്യതതേടി മുതിർന്ന നേതാവിനെ സമീപിച്ചെങ്കിലും ഒടുവിൽ യൂത്ത് കോൺഗ്രസ് നേതാവിനാണ് നിയോഗമുണ്ടായത്. അതേസമയം, പ്രാദേശികതലത്തിലെ വിയോജിപ്പുകൾ എൽ.ഡി.എഫിലും നേരിയ അസ്വാരസ്യങ്ങൾക്കും അടിയൊഴുക്കുകൾക്കും സാധ്യതയൊരുക്കുന്നുണ്ട്.

പുതുപ്പാടിയിൽ സംവരണ നറുക്കെടുപ്പിനെത്തുടർന്ന് കോൺഗ്രസിനുള്ളിൽ സീറ്റിനെച്ചൊല്ലി നേരിയ ആശയക്കുഴപ്പമുണ്ടായിരുന്നെങ്കിലും പിന്നീട് നേതൃത്വവും ലീഗും ഇടപെട്ട് പ്രശ്നം രമ്യമായി പരിഹരിച്ചു. ഇടതു, വലതു മുന്നണികൾ ബലാബലം നിൽക്കുന്ന പഞ്ചായത്തിൽ മുൻ പ്രസിഡന്റിന്റേതുൾപ്പെടെ രണ്ട് വാർഡുകളിൽ പുതുപ്പാടി ഭൂസമരസമിതി സ്ഥാനാർഥികളെ രംഗത്തിറക്കിയിട്ടുണ്ട്. സീറ്റ് വിഭജനത്തെച്ചൊല്ലി ഘടകകക്ഷികളിലുള്ള അതൃപ്തി അടിയൊഴുക്കിന് കാരണമാവുമോയെന്ന ആശങ്ക എൽ.ഡി.എഫിൽ നിലനിൽക്കുന്നുണ്ട്.