കോഴിക്കോട്: വാർഡ് പിടിക്കണമെങ്കിൽ വനിത തന്നെ വേണം - മുമ്പത്തെ തിരഞ്ഞെടുപ്പുകളിലൊന്നും കാണാത്ത പുതുമയാണിത്. സംവരണത്തിന്റെ മാത്രം ബലത്തിൽ വനിതകൾ ഭരണത്തിലെത്തിയിരുന്ന കാലം മാറുകയാണ്. വിജയസാധ്യത പരിഗണിച്ച് മൂന്നുമുന്നണികളും സ്ത്രീകളെ പടയ്ക്കിറക്കുമ്പോൾ തദ്ദേശസ്ഥാപനങ്ങളിൽ പാതിയിലേറെയാകും അവരുടെ പ്രാതിനിധ്യമെന്നുറപ്പ്. തദ്ദേശസ്ഥാപനത്തിൽ അങ്കക്കച്ച മുറുക്കുന്നവരിൽ അറുപതുശതമാനത്തോളം വരും വനിതകൾ.

ജനറൽ സീറ്റുകളിൽക്കൂടി വനിതകൾ മത്സരിച്ച് ജയിക്കുന്നതോടെ അമ്പത്തഞ്ചുമുതൽ അറുപതുശതമാനം വരെയാകും തദ്ദേശസ്ഥാപനങ്ങളിലെ വനിതാപ്രാതിനിധ്യമെന്ന് ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി.കുഞ്ഞമ്മദ് കുട്ടി പറഞ്ഞു. സ്വാഗതാർഹമായ മാറ്റമാണിത്. മികവാണ് സ്ഥാനാർഥിനിർണയത്തിന്റെ മാനദണ്ഡമെന്നും ജനറൽസീറ്റിലും അവരുടെ എണ്ണം കൂടുന്നത് ഗുണപരമായ മാറ്റമാണെന്നും ഡി.സി.സി. പ്രസിഡന്റ് യു. രാജീവൻ അഭിപ്രായപ്പെട്ടു.

കോഴിക്കോട് കോർപ്പറേഷൻ

കോഴിക്കോട് കോർപ്പറേഷനിൽ മൂന്നുമുന്നണികളും ജനറൽ സീറ്റുകളിൽ വനിതകളെ നിയോഗിച്ചിട്ടുണ്ട്. യു.ഡി.എഫിൽ നാല്, എൽ.ഡി.എഫിൽ ഒന്ന്, ബി.ജെ.പി.യിൽ മൂന്ന് എന്നിങ്ങനെയാണ് കണക്ക്.

കെ. നിർമല (പന്നിയങ്കര), സൗഫിയ അനീഷ് (വെള്ളയിൽ), ആശ ജയപ്രകാശ് (കുതിരവട്ടം), കെ. ദിവ്യലക്ഷ്മി (തിരുത്തിയാട്) എന്നിവരാണ് യു.ഡി.എഫിനുവേണ്ടി ജനറൽസീറ്റിൽ രംഗത്തുള്ളത്. മുസ്‌ലിം ലീഗിന്റെ സ്ഥാനാർഥിയായ സൗഫിയയും സ്വതന്ത്രയായ നിർമലയും കഴിഞ്ഞ തവണ ഇതേയിടങ്ങളിൽ ജയിച്ചവരാണ്. ആശയും ദിവ്യലക്ഷ്മിയും കോൺഗ്രസ് സ്ഥാനാർഥികളാണ്.

ആകെ 75 വാർഡുകളിൽ 38 എണ്ണമാണ് വനിതാസംവരണം. യു.ഡി.എഫിന് 42 വാർഡുകളിൽ വനിതാസ്ഥാനാർഥികളുണ്ട്. എലത്തൂർ വാർഡിലെ സി.പി.എം. സ്ഥാനാർഥി കെ.വി. ഫെമീനയാണ് ഇടതുപക്ഷത്തുനിന്ന് ജനറൽവാർഡിലെ വനിതാപോരാളി. നവ്യ ഹരിദാസ് (കാരപ്പറമ്പ്), ഷൈമ പൊന്നത്ത് (മാറാട്), സംയുക്താ റാണി (പുതിയാപ്പ) എന്നിവരാണ് ജനറൽ വാർഡുകളിലെ ബി.ജെ.പി.യുടെ വനിതകൾ. നവ്യയും ഷൈമയും കഴിഞ്ഞതവണ ഇതേവാർഡുകളിൽ വിജയിച്ചവരാണ്.

സി.പി.എം. കൗൺസിലർ യു.ഡി.എഫ്. സ്ഥാനാർഥി

കൊയിലാണ്ടി നഗരസഭയിലെ 36-ാം വാർഡിൽ ഇത്തവണ യു.ഡി.എഫ്. സ്വതന്ത്രയായ ദിവ്യ സെൽവരാജ് കഴിഞ്ഞ തവണ ജയിച്ചത് സി.പി.എം. ടിക്കറ്റിലാണ്. നഗരസഭാ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷയായിരുന്ന അവർ പാർട്ടി പ്രാദേശിക നേതാക്കളുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്നാണ് യു.ഡി.എഫ്. പാളയത്തിലേക്ക് നീങ്ങിയത്.

പുരുഷന്മാർ ഒരുങ്ങി, ഒടുവിൽ സീറ്റ് സ്ത്രീകൾക്കുതന്നെ

വടകര നഗരസഭയിൽ എൽ.ഡി.എഫിൽ രണ്ട്, യു.ഡി.എഫിൽ രണ്ട്, ബി.ജെ.പി.യിൽ ഒന്ന് എന്നിങ്ങനെയാണ് ജനറൽ വാർഡിൽ മത്സരിക്കുന്ന സ്ത്രീകൾ. യു.ഡി.എഫിനുവേണ്ടി ജനറൽ വാർഡിൽ മത്സരിക്കുന്ന രണ്ട് സ്ത്രീകളും കോൺഗ്രസിൽ നിന്നുള്ളവരാണ്. ഇത്തവണ ജനറൽ വാർഡുകളായതോടെ അവിടെ പുരുഷൻമാരെ മത്സരിപ്പിക്കണമെന്ന നിർദേശം വന്നിരുന്നു. അവസാനഘട്ടത്തിലാണ് വിജയസാധ്യത കണക്കിലെടുത്ത് ഇവരെത്തന്നെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. ബാലുശ്ശേരിയിൽ നാല്, പയ്യോളി നഗരസഭയിൽ മൂന്ന്, കൊടുവള്ളി നഗരസഭയിലും ഉള്ളിയേരി പഞ്ചായത്തിലും രണ്ടുവീതം, മണിയൂരിലും അഴിയൂരിലും കായക്കൊടിയിലും ചോറോടും വേളത്തും ഒന്നുവീതം എന്നിങ്ങനെയാണ് സ്ത്രീകൾ പോരിനിറങ്ങിയ ജനറൽ വാർഡുകൾ.