കൊടുവള്ളി : സ്ഥാനാർഥിയുടെ കെട്ടിവെച്ച തുകയുടെ രശീതുമായി കടന്നുകളഞ്ഞതായി പരാതി. കൊടുവള്ളി നഗരസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥി നാമനിർദേശപത്രിക സമർപ്പിക്കാനായി വരണാധികാരിയുടെ മുന്നിലെത്തിയപ്പോൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട കെട്ടിവെച്ച തുകയുടെ രശീത്‌ വരണാധികാരിയുടെ മുന്നിൽവെച്ച് ഒരാൾ വന്ന് എടുത്തുകൊണ്ടുപോയതായാണ് പരാതി.

കരീറ്റിപറമ്പ് ഡിവിഷനിൽ മത്സരിക്കുന്ന ചോയൻകുന്നുമ്മൽ സി.കെ. ഉനൈസിന്റെ പണമടച്ച രശീതാണ് സ്ഥാനാർഥി കാണാതെ എടുത്തുകൊണ്ടുപോയത്. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാനദിവസമായ വ്യാഴാഴ്ച 2.50-ഓടെയാണ് സംഭവം.

ഉനൈസ് അപേക്ഷയും രശീതും വരണാധികാരിയുടെ മുമ്പാകെ സമർപ്പിച്ചതായാണ് പറയുന്നത്. ഇതിനിടെ തിക്കിത്തിരക്കിയെത്തിയ ഒരാൾ മേശപ്പുറത്തുനിന്ന് രശീത്‌ ആരും കാണാതെ കൈക്കലാക്കി കടന്നുകളയുകയായിരുന്നു. അപേക്ഷ സ്വീകരിക്കണമെങ്കിൽ പണമടച്ചതിന്റെ ഒറിജിനൽ രശീതുതന്നെ വേണമെന്ന് വരണാധികാരി നിർബന്ധം പിടിച്ചതോടെ ഉനൈസിന് വീണ്ടും പണമടച്ച് രശീത്‌ സമർപ്പിക്കേണ്ടിവന്നു.

രശീത്‌ കാണാതായത് സംബന്ധിച്ച് നടപടി സ്വീകരിക്കണമെന്നും രണ്ടാമതും അടച്ച രശീത്‌ തുക തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിക്ക് ഉനൈസ് പരാതിനൽകി. പരാതി സെക്രട്ടറി കൊടുവള്ളി പോലീസിന് കൈമാറിയിരിക്കുകയാണ്.