കൊടുവള്ളി : സി.പി.എം. ഇടപെടലിനെത്തുടർന്ന് എൽ.ഡി.എഫ്. സ്ഥാനാർഥിത്വം നഷ്ടമായ കാരാട്ട് െെഫസൽ സ്വതന്ത്രനായി നാമനിർദേശപത്രിക സമർപ്പിച്ചത് സമയപരിധി അവസാനിക്കുന്ന വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം. 3300 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു കോടി രൂപ വിലമതിക്കുന്ന വീടുള്ളതായും 27,71,000 രൂപയുടെ സ്വത്തുക്കൾ ബിസിനസിലും വാടകയിനത്തിലുമായി സമ്പാദിച്ചതായും വരണാധികാരിക്കുമുന്നിൽ സമർപ്പിച്ച സത്യപ്രസ്താവനയിൽ പറയുന്നു.

സിൻഡിക്കേറ്റ് ബാങ്കിൽ 74,35,850 രൂപ ലോൺ ഇനത്തിൽ നൽകാനുണ്ട്. ഇതേ ബാങ്കിൽ 9,46,310 രൂപയുടെ ഗോൾഡ് ലോണും ഉണ്ട്. കൊടുവള്ളി ഹൗസിങ് സൊസൈറ്റിയിൽ 8,35,916 രൂപയും എച്ച്.ഡി.എഫ്.സി. ബാങ്കിൽ 35 ലക്ഷം രൂപയും ഹൗസിങ് ലോണുമുണ്ട് എന്നും സത്യപ്രസ്താവനയിലുണ്ട്.

കാരാട്ട് ഫൈസലിനെ ചുണ്ടപ്പുറം ഡിവിഷനിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായി നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നയതന്ത്ര ബാഗേജേ് വഴി സ്വർണം കടത്തിയ കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തയാളെ സ്ഥാനാർഥിയാക്കിയത് വിവാദമായതോടെ സി.പി.എം. ഇടപെട്ട് സ്ഥാനാർഥിയെ പിൻവലിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ഐ.എൻ.എലിന് നൽകിയ സീറ്റായിരുന്നു ചുണ്ടപ്പുറം. തുടർന്ന് ഐ.എൻ.എൽ. കാരാട്ട് ഫൈസലിനെ മാറ്റി പകരം സംസ്ഥാനസമിതി അംഗം ഒ.പി. റഷീദിനെ സ്ഥാനാർഥിയാക്കി. കാരാട്ട് ഫൈസലുമായി അടുത്തബന്ധം പുലർത്തുന്നയാളെത്തന്നെ എൽ.ഡി.എഫ്. സ്ഥാനാർഥിയാക്കിയത് സ്വന്തം സ്ഥാനാർഥിയെ ‘ഡമ്മി’യാക്കി ഫൈസലിനെ സഹായിക്കാനാണെന്നാണ് യു.ഡി.എഫ്. ആരോപിക്കുന്നത്‌.

കെ.കെ.എ. ഖാദറാണ് യു.ഡി.എഫ്. സ്ഥാനാർഥി.എന്നാൽ, മുന്നണിയെന്ന നിലയിൽ ഒ.പി. റഷീദിന്റെ വിജയത്തിനുവേണ്ടിയാണ് പ്രവർത്തിക്കുകയെന്ന് എൽ.ഡി.എഫും വ്യക്തമാക്കി. ബി.ജെ.പി. സ്ഥാനാർഥിയായി നാട്ടുകാരനായ പി.ടി. സദാശിവനും മത്സര രംഗത്തുണ്ട്.