നാദാപുരം: ഇ.എം.എസ്, സി.എച്ച്. മുഹമ്മദ് കോയ, ഇ.കെ.നായനാർ... ഇവരെല്ലാം വിവിധ തിരഞ്ഞെടുപ്പുസമ്മേളനങ്ങളിൽ സംസാരിച്ച ആ കോളാമ്പി മൈക്കുകൾ ഇവിടെയുണ്ട്-വാണിമേൽ പഞ്ചായത്ത് ഭൂമിവാതുക്കലിലെ ഫ്രണ്ട്‌സ് ലൈറ്റ് ആൻഡ് സൗണ്ട് കടയിൽ... നാടാകെ മൈക്ക് എത്തിച്ച്, മൈക്ക് മമ്മുവെന്ന് അറിയപ്പെട്ട കൊയിലോത്താംകണ്ടി മമ്മുവിന്റെ മകൻ തയ്യുള്ളതിൽ അഷ്‌റഫ് നിധി പോലെ സൂക്ഷിക്കുകയാണ് ആ മൈക്കുകൾ. ഇ.എം.എസ്. മുതൽ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻവരെ സംസാരിച്ച ആറ് മൈക്കുകൾ ഇക്കൂട്ടത്തിലുണ്ട്.

ഈ തിരഞ്ഞെടുപ്പുകാലത്തും കോളാമ്പി മൈക്കുകൾ ഘടിപ്പിച്ച ജീപ്പുകൾ തിരഞ്ഞെടുപ്പ് പ്രചാരണവുമായി പായുന്നുണ്ട്-ആനിമേഷൻ രൂപത്തിൽ ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലുമാണെന്ന് മാത്രം. ഒരുകാലത്ത് കോളാമ്പിമൈക്കുകളില്ലാതെ തിരഞ്ഞെടുപ്പ് പ്രചാരണമില്ലായിരുന്നു. ഉപ്പ പറഞ്ഞും കണ്ടുംകേട്ടുമറിഞ്ഞതുമായ നിറമുളള ഒട്ടേറെ ഓർമകളും അഷ്‌റഫ് കാത്തുസൂക്ഷിക്കുന്നുണ്ട്.

1973 കാലഘട്ടത്തിലാണ് അഷ്‌റഫിന്റെ പിതാവ് ലൈറ്റ് ആൻഡ്‌ സൗണ്ട് കട തുടങ്ങിയത്. ആദ്യം സൈക്കിൾ വാടകയ്ക്ക് നൽകുന്ന കട പിന്നീട് ലൈറ്റ് ആൻഡ്‌ സൗണ്ട് കടയാക്കി മാറ്റുകയായിരുന്നു. അന്ന് വടകര താലൂക്കിൽ വിരളിലെണ്ണാവുന്ന ലൈറ്റ് ആൻഡ് സൗണ്ട് കടകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ തൊട്ടിൽപ്പാലം മുതൽ ഓർക്കാട്ടേരിവരെയുള്ള ഭാഗങ്ങളിലെ പരിപാടികൾക്ക് ഫ്രണ്ട്‌സിൽ നിന്നായിരുന്നു മൈക്കും അനുബന്ധസാധനങ്ങളും എടുത്തിരുന്നത്.

തിരഞ്ഞെടുപ്പ് അടുത്താൽ പിന്നെ ചാകരയാണ്. എല്ലാറ്റിനും മുന്നിൽ ഉപ്പ നിൽക്കും. കടയിൽ 15-ലധികം ജോലിക്കാരുമുണ്ട്. കോൺഗ്രസ്, സി.പി.എം, മുസ്‌ലിം ലീഗ്, ബി.ജെ.പി. തുടങ്ങിയ സകല പാർട്ടികളും മൈക്ക് സെറ്റും അനുബന്ധസാധനങ്ങളും എടുക്കാനെത്തി. നാടാകെ മൈക്ക് എത്തിച്ച് മമ്മു അങ്ങനെ മൈക്ക് മമ്മുവായി. വട്ടോളിയിൽ ഇ.എം.എസും വാണിമേലിൽ സി.എച്ച്. മുഹമ്മദ് കോയയും വളയത്ത് ഇ.കെ. നായനാരും മമ്മുവിന്റെ കോളാമ്പി മൈക്കിലൂടെ പ്രസംഗിച്ചു.

പിതാവിന്റെ കൂടെ വളയത്തെ പ്രസംഗം കഴിഞ്ഞിറങ്ങിയപ്പോൾ, ഇ.കെ. നായനാർ തന്റെ കൈപിടിച്ച് ‘‘മൈക്ക് ഉഷാറായിട്ടുണ്ട്’’ എന്നു പറഞ്ഞത് ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നുണ്ടെന്ന് അഷ്‌റഫ് പറഞ്ഞു.

പിതാവിന്റെ മരണശേഷം ഭൂമിവാതുക്കലിലെ കടയുടെ ചുമതല അഷ്‌റഫ് ഏറ്റെടുത്തു. കോവിഡ് കാലത്തെ തിരഞ്ഞെടുപ്പിൽ മൈക്കിന്റെ ഉപയോഗം കുറവാണ്. കുറെക്കാലമായി പ്രതിസന്ധി നേരിടുന്ന ലൈറ്റ് ആൻഡ് സൗണ്ട് മേഖലയ്ക്ക് വലിയ പ്രതീക്ഷയൊന്നും ഈ തിരഞ്ഞെടുപ്പ് നൽകുന്നില്ല. വെർച്വൽ അനൗൺസ്‌മെന്റും മറ്റും സാമൂഹികമാധ്യമങ്ങളിൽ സജീവമാണ്. അവരും പ്രതീകാത്മകമായി ഉപയോഗിക്കുന്നത് പഴയ കോളാമ്പി മൈക്കാണ്. വോട്ടർമാരുടെ മനസ്സിൽ ഇത്രത്തോളം ഗൃഹാതുരത സൃഷ്ടിക്കാൻ മറ്റൊന്നിനും കഴിയില്ലെന്നതിന്റെ തെളിവാണിതെന്ന് ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ പ്രവർത്തിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നു.