Election
സുമേഷും സുസ്മിതയും

പെരുമണ്ണ : പെരുവയൽ ഗ്രാമപ്പഞ്ചായത്തിലെ പതിനേഴാം വാർഡിൽ സഹോദരിയും സഹോദരനും മത്സരരംഗത്തുണ്ട്. സഹോദരി വെള്ളിപ്പറമ്പ് കീഴ്മാട് വിത്താരത്തിൽ സുസ്മിത (40) എൽ.ഡി.എഫ്. സ്ഥാനാർഥിയും സഹോദരൻ മണക്കണ്ടിയിൽ സുമേഷ് (36) ബി.ജെ.പി. സ്ഥാനാർഥിയുമാണ്.

വെള്ളിപ്പറമ്പ് കീഴ്മാട് മണക്കണ്ടിയിൽ സുധാകരന്റെയും ശോഭനയുടെയും മക്കളാണ്. 17-ാം വാർഡംഗമായിരുന്ന സുസ്മിതയെ ജനറൽ സീറ്റായിട്ടും എൽ.ഡി.എഫ്. ഇവിടെ വീണ്ടും മത്സരരംഗത്തിറക്കുകയായിരുന്നു. സി.പി.എം.

കീഴ്മാട് ഈസ്റ്റ് ബ്രാഞ്ചംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ വെള്ളിപ്പറമ്പ് മേഖല കമ്മിറ്റി അംഗവുമാണ് സുസ്മിത. കർഷകമോർച്ച പെരുവയൽ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയും 16-ാം വാർഡിലെ സ്ഥിരതാമസക്കാരനുമാണ് സുമേഷ്. സുമേഷിന്റേത് ആദ്യമത്സരമാണ്. അനിൽകുമാർ കാരാട്ടാണ് ഇവിടത്തെ യു.ഡി.എഫ്. സ്ഥാനാർഥി.