Election
പി.എം. സുരേഷും, മകന്‍ അര്‍ജുനും

കുരുവട്ടൂർ : ചെറുവറ്റ പീടിക മീത്തൽ വീട്ടിൽ ഈ തിരഞ്ഞെടുപ്പിനൊരു പ്രത്യേകതയുണ്ട്. ഈ വീട്ടിൽ നിന്നും ഇത്തവണ മത്സര രംഗത്തുള്ളത് രണ്ട് ബി.ജെ.പി. സ്ഥാനാർഥികൾ. കുന്ദമംഗലം ബ്ലോക്ക് പോലൂർ ഡിവിഷനിൽ നിന്നും എൻ.ഡി.എ. സ്ഥാനാർഥിയായി ജനവിധി തേടുന്ന പി.എം. സുരേഷും കുരുവട്ടൂർ പഞ്ചായത്ത് 12-ാം വാർഡിൽ മത്സരിക്കുന്ന മകൻ അർജുൻ പീടികമീത്തലുമാണ് ഒരേവീട്ടിൽ നിന്നും മത്സര രംഗത്തുള്ളത്.

23 -കാരനായ അർജുൻ ആദ്യമായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നിലവിൽ യുവമോർച്ചയുടെ പഞ്ചായത്ത് സെക്രട്ടറിയുമായ അർജുൻ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ബി.ജെ.പി. ജില്ലാസമിതി അംഗമായ പി.എം. സുരേഷ് വളരെക്കാലമായി രാഷ്ട്രീയരംഗത്തുണ്ട്. നേരത്തേ ബി.ജെ.പി.യുടെ എലത്തൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയായിരുന്നു.

2010-ലെ തിരഞ്ഞെടുപ്പിൽ 11 -ാം വാർഡിൽനിന്ന്‌ പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു. അർജുൻ മത്സരിക്കുന്ന ചെറുവറ്റ വാർഡിൽ നിന്ന്‌ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അമ്മ ബിന്ദു മത്സരിച്ചിരുന്നു. കഴിഞ്ഞ പ്രാവശ്യം അമ്മ മത്സരിച്ച അതേ വാർഡിൽ നിന്നു തന്നെ മകനും കൂടി മത്സരിക്കുന്ന പ്രത്യേകതയുമുണ്ട്.