താമരശ്ശേരി: ഒരാഴ്ച മുമ്പ് കൂടരഞ്ഞി പഞ്ചായത്തിലെ രണ്ട് കർഷകർ തങ്ങളുടെ വീടിന് മുന്നിൽ രണ്ട് ഫ്ളക്സ് തൂക്കി. ഫ്ളക്സ് കണ്ട് രാഷ്ട്രീയപ്രവർത്തകരുൾപ്പെടെ ആരും ആദ്യം അതത്ര കാര്യമാക്കാതെ അവഗണിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ച ഫ്ളക്സിലെ ഉള്ളടക്കം ശ്രദ്ധേയമായതോടെ ഒടുവിൽ സ്ഥാനാർഥികൾവരെ കർഷരുടെ വീട്ടിലെത്തി പരിഹാരം ഉറപ്പുകൊടുത്തു. അങ്ങനെ രണ്ടേ രണ്ടു പ്രതിഷേധ ഫ്ളക്സിന്റെ പേരിൽ കർഷകർ താരങ്ങളായി. കൂമ്പാറ അനയോടിലെ തങ്കച്ചൻ കിഴക്കരക്കാട്ട് എന്ന അഗസ്റ്റിൻ മാഷും (63), കൽപ്പിനി മുള്ളനാനിക്കൽ ജോസു (63) മാണ് വ്യത്യസ്തമായ ഫ്ളക്സ് സ്ഥാപിച്ച് തിരഞ്ഞെടുപ്പ് കാലത്ത് ശ്രദ്ധ നേടിയത്.

‘‘കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണാതെ വോട്ടിന് വേണ്ടി ആരും ഈ പടി കയറേണ്ട...വോട്ട് ഫോർ (കാട്ടുപന്നികളുടെ ചിത്രം) ‘‘ എന്നതായിരുന്നു ഇരുവരുടെയും ഫ്ളക്സിലെ ഉള്ളടക്കം. ഇക്കഴിഞ്ഞ ഒമ്പതാം തീയതിയാണ് ഇരുവരും വീടിന് മുന്നിൽ ഫ്ളക്സ്‌ സ്ഥാപിച്ചത്. കഴിഞ്ഞദിവസം അയൽവാസിയായ കൂമ്പാറയിലെ ജയിംസ് പുളിമൂട്ടിലിന്റെ അഭ്യർഥന പ്രകാരം അദ്ദേഹത്തിന്റെ വീട്ടുഗേറ്റിന് മുന്നിൽ അതേ ഫ്ളക്സ് അഗസ്റ്റിൻ മാറ്റിക്കെട്ടിക്കൊടുത്തു. ഇതിനകം ആവശ്യപ്പെട്ട മറ്റു കർഷകരുടെ വീടുകൾക്ക് മുന്നിലേക്കും ഊഴമനുസരിച്ച് ഫ്ളക്സ് മാറ്റിക്കെട്ടും. പ്രകൃതിസൗഹൃദമല്ലാത്തതിനാലാണ് കൂടുതൽ ഫ്ളക്സ് അടിപ്പിക്കാതെ കർഷകർ ഉള്ളത് പരസ്പരം ‘ഷെയർ’ ചെയ്യുന്നതെന്ന് അദ്ദേഹത്തിന്റെ സാക്ഷ്യപ്പെടുത്തൽ.

ജോസിന്റെ ഫ്ളക്സും ഇതിനകം മൂന്നു നാലു കർഷകർ തങ്ങളുടെ വീടിന് മുന്നിൽ പതിപ്പിച്ചിരുന്നു. തങ്ങളുടെ മാതൃകയിൽ ഫ്ളക്സ് സ്ഥാപിച്ച് പ്രതിഷേധിക്കാൻ സന്നദ്ധരായി ജില്ലയിൽ പലയിടത്തും കർഷകർ മുന്നോട്ട് വന്നതായി ഇരുവരും പറയുന്നു.

ചെയ്തത് ശല്യം സഹിക്കവയ്യാതെ...

കാട്ടുപന്നികൾ വലിയതോതിലാണ് കൃഷിനശിപ്പിക്കുന്നത്. പ്രദേശവാസികളായ കർഷകരെല്ലാം വലിയപ്രയാസത്തിലാണ്. പ്രശ്നപരിഹാരത്തിനായുള്ള അഭ്യർഥനകളെല്ലാം വനരോദനമായി അവശേഷിച്ച സാഹചര്യത്തിലാണ് രാഷ്ട്രീയക്കാർ അല്പമെങ്കിലും ചെവികൊടുക്കുന്ന തിരഞ്ഞെടുപ്പ് കാലത്ത് രണ്ടും കൽപ്പിച്ച് ഫ്ളക്സ് സ്ഥാപിച്ചത്.