ഗുഡ് ലക്ക് ലൈബ്രറി ആർട്‌സ് ആൻഡ് സയൻസ് സ്‌പോർട്‌സ് സെന്റർ
ചേളന്നൂര്‍: ചേളന്നൂരിന്റെ സാംസ്‌കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമായ ഗുഡ് ലക്ക് ലൈബ്രറി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് സ്‌പോര്‍ട്‌സ് സെന്റര്‍ നാല്‍പ്പതാം വാര്‍ഷികാഘോഷ നിറവിലാണ്. 1983-ല്‍ പ്രവര്‍ത്തനമാരംഭിച്ച ലൈബ്രറിയുടെ സ്ഥാപക പ്രസിഡന്റ് അന്തരിച്ച വിലങ്ങില്‍ ഹരിദാസന്‍. ബാലവേദി നെഹ്‌റു യുവ കേന്ദ്ര അനുവദിച്ച ജില്ലയിലെ ആദ്യത്തെ യൂത്ത് ഡെവലപ്‌മെന്റ് സെന്റര്‍, 33 വര്‍ഷം പിന്നിട്ട കസ്തൂര്‍ബാ മഹിളാ സമാജം, സീനിയര്‍ സിറ്റിസണ്‍സ് ഫോറം, കര്‍ഷക വിഭാഗം മുതലായവ ലൈബ്രറിയുടെ ഘടകങ്ങളാണ്. പഞ്ചായത്ത് സാക്ഷരത തുടര്‍ വിദ്യാ കേന്ദ്രം, ഗ്രാമ കേന്ദ്രം മുതലായവയും ഇവിടെയാണ് പ്രവര്‍ത്തിച്ചുവരുന്നത്. കസ്തൂര്‍ബാ മഹിളാ സമാജം സംഭാവന ചെയ്ത അഞ്ച് സെന്റ് സ്ഥലത്താണ് ഐ.സി.ഡി.എസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അംഗനവാടി. സ്വന്തമായി കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ട്.
മഹിളാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 30 വര്‍ഷമായി ഒരു തുന്നല്‍ പരിശീലന ക്ലാസ് ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. നൂറുകണക്കിന് വനിതകള്‍ ഇവിടെനിന്ന് തുന്നലില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. മുല്ലോളി രാധയാണ് തുടക്കം മുതല്‍ ഇപ്പോഴും തുന്നല്‍ പഠിപ്പിക്കുന്നത്. അഞ്ച് വര്‍ഷംമുന്‍പ് ചേളന്നൂര്‍ ജെ.സി.ഐ. രൂപവത്കൃതമായത് ലൈബ്രറിയില്‍വെച്ചായിരുന്നു. കഴിഞ്ഞ 40 വര്‍ഷം ലൈബ്രറിയെ സ്‌നേഹിക്കുകയും നയിക്കുകയും ചെയ്യുന്ന രക്ഷാധികാരിയും പൊതുപ്രവര്‍ത്തകനുമായ എ. വേലായുധന്‍, വി.ടി. ബാബു, പുരുഷു മുല്ലോളി, പുത്തലത്ത് രാമചന്ദ്രന്‍, എം.പി. ജയപ്രകാശന്‍, കെ.പി. ഗോവിന്ദന്‍, വി. ജിതേന്ദ്രനാഥ്, എം. തങ്കം, എ.പി. ശാന്ത, സബിതാ കനകന്‍ എന്നിവര്‍ ഒന്നിച്ച് സ്ഥാപനത്തെ ജനതാത്പര്യത്തിന് അനുസൃതമായി ചലിപ്പിക്കുന്നു. സ്ഥാപനത്തിന് സ്വന്തമായി മൂന്നുനില കെട്ടിടം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കാന്‍ ജനങ്ങളെ സഹകരിപ്പിക്കുന്നതില്‍ എ. വേലായുധനും ആദ്യകാല പ്രവര്‍ത്തകരും ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ട്.
നാല്‍പതാം വാര്‍ഷികാഘോഷത്തിന് ബിജേന്ദ്രനാഥ് ചെയര്‍മാനും റീജാ രമേശ് ജനറല്‍ കണ്‍വീനറും എന്‍.കെ. സോനു വര്‍ക്കിങ് ചെയര്‍മാനുമായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും കുടുംബ സംഗമവും ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീര്‍ ഡിസംബര്‍ 11-ന് നിര്‍വഹിക്കും. സാംസ്‌കാരിക സമ്മേളനം, വനിതാ യുവജന സമ്മേളനം, വയോജന സംഗമം, തൊഴിലുടമ-തൊഴിലാളി സംഗമം, മെഡിക്കല്‍ ക്യാമ്പ്, ലൈബ്രറി പുസ്തക വിപുലീകരണം, പുസ്തക ചര്‍ച്ച, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. ആഘോഷ പരിപാടി ഫെബ്രുവരി 10, 11 തീയതികളില്‍ നടക്കുന്ന കലാപരിപാടികളോടെ സമാപിക്കും. കോഴിക്കോട് എന്‍.ഐ.ടി.യിലെ കെമിസ്ട്രി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോക്ടര്‍ എ. സുജിത്ത് ലൈബ്രറി സംഭാവന ചെയ്ത പ്രതിഭയാണ്. എന്‍.കെ. സോനു പ്രസിഡന്റും റീജ രമേശ് സെക്രട്ടറിയും എ. നിധിന്‍ ട്രഷററുമായ കമ്മിറ്റിയാണ് ഇപ്പോഴത്തെ ഭാരവാഹികള്‍. ലൈബ്രറിയിലും കമ്മിറ്റിയിലുമായി 500-ല്‍പ്പരം അംഗങ്ങളുണ്ട്. സൊസൈറ്റി ആക്ട് നിര്‍ദേശിച്ച തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയം മാറ്റിനിര്‍ത്തിയത് ജനങ്ങളുടെ അംഗീകാരം നേടുന്നതില്‍ സ്ഥാപനത്തിന് സഹായമായിട്ടുണ്ട്.
Content Highlights: library 40th anniversary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..