കുന്ദമംഗലം: ശക്തമായ മഴയിലും കാറ്റിലും മേലേ പടനിലം ജങ്ഷനിൽ വൻമരം കടപുഴകിവീണു. ബുധനാഴ്ച ഉച്ചയോടെയാണ് തണൽമരം റോഡിനു കുറുകെ വീണത്. ഇതോടെ ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. റോഡരികിലെ വൈദ്യുതത്തൂണുകളും കമ്പികളും പൊട്ടിവീണു. ട്രാൻസ്ഫോർമറിനും കേടുപറ്റി. പടനിലം കൾച്ചറൽ ലൈബ്രറിയുടെ വായനമുറിയും തപാലാപ്പീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുൻവശവും ഭാഗികമായി തകർന്നു. നിർത്തിയിട്ട ബൈക്കും മരത്തിനടിയിൽപ്പെട്ടു.

അഗ്നിരക്ഷാസേനയും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് മരം മുറിച്ചുനീക്കിയത്. വാഹനങ്ങൾ വഴിതിരിച്ചുവിട്ടതുകാരണം ദീർഘദൂര വാഹനയാത്രക്കാരാണ് ഏറെ വലഞ്ഞത്. വൈകീട്ടോടെയാണ് ഗതാഗതം സാധാരണ നിലയിലായത്. ജങ്ഷനിൽ അപകടഭീഷണിയായിരുന്ന ഈ മരം മുറിക്കണമെന്ന് രണ്ടുവർഷം മുമ്പ് പഞ്ചായത്തംഗം ടി.കെ. ഹിതേഷ്‌കുമാർ കുന്ദമംഗലം ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയിൽ ആവശ്യം ഉന്നയിച്ചിരുന്നു. ഇക്കാര്യം ഭരണസമിതി പരിസ്ഥിതി കമ്മിറ്റിക്ക് കൈമാറിയെങ്കിലും സ്ഥലം സന്ദർശിച്ച കമ്മിറ്റി അനുകൂല നിലപാടല്ല സ്വീകരിച്ചതെന്ന് ടി.കെ. ഹിതേഷ്‌കുമാർ ആരോപിച്ചു.