കുന്ദമംഗലം : ചെത്തുകടവിൽ വായനശാലയ്ക്കു സമീപം വയലിലേക്ക് കക്കൂസ് മാലിന്യം തള്ളി. വ്യാഴാഴ്ച രാത്രിയാണ് വാഹനത്തിൽ കൊണ്ടുവന്നമാലിന്യം വയലിലേക്ക് ഒഴുക്കിയത്.
മഴ പെയ്തതോടെ മാലിന്യം റോഡരികിലും മരമില്ല് വളപ്പിലും തോട്ടിലും പരന്നു. മാലിന്യത്തിൽ പ്ലാസ്റ്റിക് കുപ്പികളും ഉണ്ട്. വെള്ളിയാഴ്ച രാവിലെയാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. സമീപത്ത് അധികം വീടുകളില്ലെങ്കിലും ആളുകൾ സഞ്ചരിക്കുന്ന വഴിയാണിത്.
ആളൊഴിഞ്ഞ സ്ഥലം നോക്കിയാണ് മാലിന്യം ഒഴുക്കിവിട്ടത്. സി.സി.ടി.വി. പരിശോധിച്ച് ആളെകണ്ടത്താനുള്ള ശ്രമത്തിലാണ് നാട്ടുകാർ. കുന്ദമംഗലം പോലീസിൽ പരാതി നൽകി.
ശക്തമായ നടപടി വേണം
വലിയസ്ഥാപനങ്ങൾ, ഫ്‌ളാറ്റുകൾ തുടങ്ങിയവിടങ്ങളിൽ നിന്നും കരാർ എടുത്ത് ഒഴിഞ്ഞ സ്ഥലങ്ങൾ നോക്കി മാലിന്യം തള്ളുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് പഞ്ചായത്തംഗം സി.വി.സംജിത്ത് പറഞ്ഞു. ചെത്തുകടവിൽ മാലിന്യം തള്ളിയവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം.
രാത്രിയിൽ അനാവശ്യമായി ഓടുന്ന വാഹനങ്ങൾ പരിശോധിക്കണം. ഒന്നര വർഷം മുമ്പ്് ചെത്തുകടവ് അങ്ങാടിയിൽ സമാന സംഭവം ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.