കോഴിക്കോട്: നഗരത്തിൽ റോഡപകടങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ ട്രാഫിക് നിയമലംഘനം നടത്തുന്നവർക്കെതിരേ കർശന നടപടിയെടുക്കാനൊരുങ്ങി പോലീസ്. ഇതിന്റെ ഭാഗമായി ബുധനാഴ്ച മുതൽ പ്രത്യേകം സ്ക്വാഡുകൾ പരിശോധന നടത്തും. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്യും. ഓടിച്ച വാഹനവും മൊബൈലും കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കും.
ട്രാഫിക് ജങ്‌ഷനുകളിലും അല്ലാതെയും വാഹനങ്ങൾ അതിവേഗത്തിൽ ഓടിക്കുന്നതും ഇടതുവശത്തുകൂടി മറികടക്കുന്നതും ഇടതുവശത്തേക്കുള്ള ഗതാഗതം തടസ്സപ്പെടുത്തി വാഹനങ്ങൾ നിർത്തുന്നതും കുറ്റമാണ്. ഇത്തരം കുറ്റങ്ങൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് നടപടിയെടുക്കും. വാഹനങ്ങളുടെ ചില്ലുകളിൽ കൂൾഫിലിം ഒട്ടിക്കുന്നതും ഫാൻസി രൂപത്തിലുള്ള നമ്പർ പ്ലേറ്റുകൾ, വാഹനങ്ങൾക്ക് രൂപം മാറ്റം വരുത്തുന്നത് തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തി നടപടികൾ സ്വീകരിക്കും. അമിത ശബ്ദത്തിലുള്ള ഹോൺ മുഴക്കുന്ന വാഹനം, റെഡ് സിഗ്നൽ തെറ്റിച്ചുപോകുന്ന വാഹനങ്ങൾ, അനുവദിക്കപ്പെട്ടതിലും അധികം ലോഡുകൾ കയറ്റുന്ന വാഹനം എന്നിവയ്ക്കെതിരേയും ശക്തമായ നടപടിയെടുക്കും.
ഇരുചക്രവാഹനങ്ങളിലെ രണ്ടുപേരും നിർബന്ധമായും ഹെൽമെറ്റ് ധരിക്കണം. കൃത്യമായ രേഖകൾ കരുതണം. സീറ്റ് ബെൽറ്റ് നിർബന്ധമായും ധരിക്കണം. അതിവേഗം, അപകടകരമായ ഡ്രൈവിങ് എന്നിവയ്ക്കെതിരേയും പരിശോധന ശക്തമാക്കുമെന്നും ട്രാഫിക് സൗത്ത് പോലീസ് അസി. കമ്മിഷണർ അറിയിച്ചു.