കോഴിക്കോട്: ഇന്നോവ കാറിലെത്തിയ ആറംഗസംഘം മൂന്നു യുവാക്കളെ മർദിച്ച് അവശരാക്കി പണവും മൊബൈലും തട്ടിപ്പറിച്ച് അവർ സഞ്ചരിച്ച മാരുതി ആൾട്ടോ കാറുമായി കടന്നു. തട്ടിയെടുക്കപ്പെട്ട കാർ മണിക്കൂറുകൾക്കുശേഷം അഴിഞ്ഞിലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കോഴിക്കോട് പൊറ്റമ്മൽ ജങ്ഷനിൽ വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് സിനിമാരംഗങ്ങളെ വെല്ലുന്ന നാടകീയരംഗങ്ങൾ അരങ്ങേറിയത്.

ഗൾഫിൽനിന്ന്‌ വെള്ളിയാഴ്ച പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിൽ വിമാനമിറങ്ങിയ മുക്കം കുമാരനല്ലൂർ മമ്പാട്ട് വീട്ടിൽ മുഹമ്മദ് ജംനാസും(27) സുഹൃത്തുക്കളുമാണ് അജ്ഞാതസംഘത്തിന്റെ ആക്രമത്തിനിരയായത്.

സുഹൃത്തുക്കളായ തണ്ണീർപന്തൽ സ്വദേശി ഷിയാദിനും പൂളക്കടവ് സ്വദേശി മനാഫിനുമൊപ്പമാണ് മുഹമ്മദ് ജംനാസ് കെ.എൽ.11 എ.എൽ. 1666 നമ്പർ കാറിൽ നാട്ടിലേക്ക് തിരിച്ചത്. നാട്ടിലേക്കുള്ള യാത്രയ്ക്കിടെ കോഴിക്കോട് അശോക ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചിരുന്ന ഭാര്യയെ കാണാൻ ജംനാസ് പോകുമ്പോഴാണ് അക്രമം.

രണ്ട് മണിയോടെ പാലാഴി ഭാഗത്തുനിന്ന് കുതിച്ചെത്തിയ ഒരു ഇന്നോവകാർ പൊറ്റമ്മൽ ജങ്ഷന് സമീപം ഓറഞ്ച് ഹോട്ടലിന് മുൻവശത്തുവെച്ച് റോഡിന് കുറുകെ നിർത്തി യുവാക്കളുടെ വഴി തടയുകയായിരുന്നു. മാരകായുധങ്ങളുമായി കാറിൽ നിന്നിറങ്ങിയവർ മാരുതി കാറിനകത്തുണ്ടായിരുന്നവരോട് വാഹനത്തിൽ നിന്നിറങ്ങാൻ ആവശ്യപ്പെട്ടു. പിന്നീട് ജാക്കിലിവറും കമ്പിയും ഉപയോഗിച്ച് കാറിന്റെ സൈഡ്ഗ്ലാസ് അടിച്ചുതകർത്ത അക്രമികൾ യുവാക്കളെ ആയുധങ്ങളുപയോഗിച്ച് മർദിച്ച് അവശരാക്കി. തുടർന്ന് ജംനാസിന്റെ മൊബൈൽ ഫോണും യുവാക്കളുടെ പണവും എ.ടി.എം. കാർഡുകളും ആധാർ കാർഡുമെല്ലാം അടങ്ങിയ പേഴ്സുകളും ജംനാസിന്റെ സ്യൂട്ട്കേസും കൈക്കലാക്കി സംഘം ആൾട്ടോ കാറുമായി കടന്നുകളയുകയായിരുന്നു.

ആൾട്ടോ കാറിനകത്തുണ്ടായിരുന്ന യുവാക്കളിലൊരാളുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് മെഡിക്കൽ കോളേജ് പോലീസ് നടത്തിയ അന്വേഷണത്തിലാണ്, അഴിഞ്ഞിലത്തെ കള്ള്ഷാപ്പിന് സമീപം രാവിലെ ആറുമണിയോടെ ആൾട്ടോ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഘം തട്ടിയെടുത്ത സ്യൂട്ട്കേസിൽ തുണിത്തരങ്ങൾ മാത്രമാണുള്ളതെന്നാണ് അക്രമത്തിനിരയായ യുവാക്കൾ പോലീസിനെ അറിയിച്ചത്. അക്രമം നടത്തിയത് തങ്ങൾക്ക് മുൻപരിചയമില്ലാത്ത യുവാക്കളായിരുന്നെന്നാണ് മൊഴി.

വിവരമറിഞ്ഞെത്തിയ മെഡിക്കൽ കോളേജ് പോലീസും ഡോഗ് സ്ക്വാഡും ഫൊറൻസിക് സംഘവും പരിശോധന നടത്തി.

സംഭവത്തിനുപിന്നിൽ സ്വർണവും കുഴൽപ്പണവും കടത്തുന്ന മാഫിയയാണോ അതോ വ്യക്തിവൈരാഗ്യത്തിന്റെ പേരിലോ, ആളുമാറിയോ ഉള്ള ആക്രമണമാണോ എന്ന് വ്യക്തമായിട്ടില്ല. മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. പ്രദേശത്തെ സി.സി ടി.വി. ദൃശ്യങ്ങൾ സി.ഐ. മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പരിശോധിച്ചു വരികയാണ്.