rahul gandhiകോഴിക്കോട്: എല്ലാദിവസവും കടൽത്തീരത്ത് ചെന്ന് സാഗരത്തോട് ആജ്ഞാപിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്നും ഇത് അർഥശൂന്യമാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് മഹാസാഗരത്തിലെ ഓരോ തുള്ളിയുടെയും സംസ്‌കാരവും ആഗ്രഹവും മനസ്സിലാക്കി പ്രവർത്തിക്കുകയാണെന്നും കോഴിക്കോട് കടപ്പുറത്ത്‌ ചേർന്ന ജനമഹാറാലിയിൽ കടലിനുനേരെ കൈചൂണ്ടി അദ്ദേഹം തുടർന്നു.

‘ഞാൻ എല്ലാ ആഴ്ചയിലും പത്രസമ്മേളനം നടത്തുന്നു. മാധ്യമപ്രവർത്തകരുടെ ഏതു ചോദ്യത്തിനും ഉത്തരം പറയുന്നു. പ്രധാനമന്ത്രി മൻ കീ ബാത്ത് എന്നപേരിൽ തന്റെ ആഗ്രഹങ്ങളെല്ലാം റേഡിയോയിലൂടെമാത്രം വിളിച്ചുപറയുന്നു. ജനസാഗരത്തിലെ ഒരാൾക്കുപോലും മറിച്ചൊന്നും പറയാൻ അവസരമില്ല. അങ്ങോട്ടുള്ള മറുപടികൾ ശ്രദ്ധിക്കുകയുമില്ല, കേൾക്കുകയുമില്ല. പ്രധാനമന്ത്രി ഇന്നുവരെ ഒരു പത്രസമ്മേളനം നടത്തിയിട്ടില്ല. ആരുടെയും ചോദ്യത്തിന് മറുപടിയും നൽകാറില്ല. തീരത്തുനിന്ന് കടലിനോടുള്ള കല്പനപോലെ നിഷ്‌പ്രയോജനമാണ് അദ്ദേഹത്തിന്റെ ഓരോ വാക്കും’.

ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്തെ പ്രസംഗത്തിന്റെ അവസാന ഭാഗത്ത് വീണ്ടും രാഹുൽ കടലിന്റെ ഉപമ കടമെടുത്തു: പ്രധാനമന്ത്രി കടലിന്റെ ശക്തി അറിയാതെ തിരകളെണ്ണി നിൽക്കേണ്ടയാളല്ല. ഏകാധിപതിയെപ്പോലെ, മനുഷ്യക്കടലിനോട് ആജ്ഞാപിക്കേണ്ട ആളുമല്ല. ആസേതുഹിമാചലമുള്ള ജനമനസ്സുകളുടെ ആഗ്രഹങ്ങൾക്ക് എല്ലാതലത്തിലും വേലിയേറ്റമുണ്ടാക്കുന്നയാളായിരിക്കണം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ പ്രധാനമന്ത്രി ഈ പ്രതീക്ഷകൾക്ക് വില കല്പിക്കുന്നയാളായിരിക്കും. ജനങ്ങളായ നിങ്ങളാണ് യഥാർഥ യജമാനന്മാർ. നിങ്ങളാണ് ശക്തിസാഗരം. ഞാനും എന്റെ പാർട്ടിയും അത് മനസ്സിലാക്കുന്നു.

എന്റെ മൻ കീ ബാത്തല്ല, ഞാൻ പറയുക. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ഈ മഹാ രാജ്യത്തിന്റെ ഓരോ വ്യക്തിയുടെയും മനസ്സിന്റെ ആഗ്രഹങ്ങളായിരിക്കും പ്രതിഫലിപ്പിക്കുക. അങ്ങനെ എല്ലാ സംസ്‌കാരങ്ങളും ചേർന്ന് നാം പരസ്പരം മനസ്സിലാക്കുന്ന, സ്‌നേഹിക്കുന്ന ഇന്ത്യ സപ്തസാഗരം പോലെ കരുത്താർജിക്കും -ജനസാഗരമിരമ്പിയ സായാഹ്നത്തിൽ കരഘോഷത്തോടെ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ വാക്കുകൾ ഏറ്റുവാങ്ങി.