കോഴിക്കോട്: മംഗലാപുരത്തുനിന്നും കോയമ്പത്തൂരിൽ നിന്നും കൂടുതൽ ഇന്ധനമെത്തിത്തുടങ്ങിയതോടെ മൂന്നു ദിവസമായി തുടരുന്ന പെട്രോൾ ക്ഷാമത്തിന് പരിഹാരമാവുന്നു. എല്ലാ പെട്രോൾ പമ്പുകൾക്ക് മുന്നിലും വൻതിരക്കനുഭവപ്പെട്ടതിനാൽ ഞായറാഴ്ചയെത്തിയ സ്റ്റോക്ക് തീർന്നെങ്കിലും തിങ്കളാഴ്ച മുതൽ വലിയ പ്രതിസന്ധിയുണ്ടാവില്ലെന്നാണ് എണ്ണക്കമ്പനി ഉദ്യോഗസ്ഥർ പറയുന്നത്.

ഞായറാഴ്ച ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ 50 ടാങ്കർ ലോറികളാണ് പെട്രോളുമായെത്തിയത്. ആലുവയിലെ വെള്ളക്കെട്ട് നീങ്ങിയതോടെ എറണാകുളത്തെ ഇരുമ്പനത്തുനിന്ന് രാത്രിയോടെ പെട്രോളുമായി ടാങ്കറുകളെത്തിത്തുടങ്ങി. അടുത്ത ദിവസം റെയിൽ ഗതാഗതം കൂടെ സുഗമമായാൽ വാഗണുകളുമെത്തും. അതോടെ പഴയ നിലയിലാവും. ഇപ്പോൾ എല്ലാവരും വാങ്ങി സ്റ്റോക്ക് ചെയ്യുന്നത് കൊണ്ടാണ് പെട്ടെന്ന് തീർന്നു പോവുന്നതെന്ന് പമ്പുടമകൾ പറയുന്നു.

സാധാരണ തിരക്കുള്ള പമ്പുകളിൽ പരമാവധി ആറായിരം ലിറ്റർ പെട്രോൾവരെയാണ് ഒരു ദിവസം വിറ്റുപോവാറുള്ളത്. എന്നാൽ മൂന്നുദിവസമായി എത്തുന്നത് മുഴുവൻ മണിക്കൂറുകൾകൊണ്ട് തന്നെ തീർന്നുപോവുകയാണ്. ഞായറാഴ്ച നാലുമണിയോടെ തന്നെ പലയിടത്തും പെേട്രാൾ തീർന്നു. വാഹനങ്ങളുമായി എത്തുന്നവരുടെ അത്രതന്നെ കുപ്പികളും കന്നാസുകളുമായി ആളുകൾ വരുന്നുണ്ട്. അതുകൊണ്ട് രണ്ടായി തിരിച്ചാണ് തിരക്ക് ക്രമീകരിക്കുന്നത്. കരിഞ്ചന്ത തടയാനായി കന്നാസുമായെത്തുന്നവർക്ക് പരമാവധി 500 രൂപയ്ക്കേ പെട്രോൾ നൽകുന്നുള്ളൂ. കാറുമായെത്തുന്നവർക്ക് ആയിരം രൂപയ്ക്കും. പോലീസിനെ നിയോഗിച്ചാണ് പെേട്രാൾ പന്പുകളിലെ തിരക്ക് നിയന്ത്രിക്കുന്നത്.