മുക്കം: എല്ലാവർക്കും അടച്ചുറപ്പുള്ള വീടുകൾ, വൃത്തിയായി പെയിന്റടിച്ച ചുറ്റുമതിലുകൾ, ടൈൽസ് വിരിച്ച നടപ്പാതകൾ, തെരുവുവിളക്കുകൾ...കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ കോളനികളുടെ മുഖം മാറുകയാണ്. വൃത്തിഹീനമായ ചുറ്റുപാടുകളോ മാലിന്യക്കൂമ്പാരങ്ങളോ കാണാനില്ല. പാവപ്പെട്ടവർ തിങ്ങിപ്പാർക്കുന്ന കോളനികളുടെ പേരുവരെ പഞ്ചായത്ത് അധികൃതർ മാറ്റി. 45-ഓളം കുടുംബങ്ങൾ താമസിക്കുന്ന എള്ളങ്ങൽ കോളനി ഇന്ന് ‘എള്ളങ്ങൽ വില്ലാസ്’ ആണ്.

കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ പന്ത്രണ്ടുകോളനികളാണുള്ളത്. ഇതിൽ, അഞ്ചുകോളനികളെയാണ് ആദ്യഘട്ടത്തിൽ നവീകരിക്കുന്നത്. ഒരുകോളനിയുടെ നവീകരണത്തിന് ശരാശരി എട്ടുമുതൽ പതിനഞ്ചുലക്ഷം രൂപവരെ ചെലവുവരും. പദ്ധതിവിഹിതത്തിന്റെ അപര്യാപ്തതമൂലം തൊഴിലുറപ്പ് ഉൾപ്പെടെയുള്ള വിവിധ പദ്ധതികളെ ഒരു കുടക്കീഴിലാക്കിയാണ് ‘ഈ മുഖംമിനുക്കൽ’. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ, ജനകീയമായാണ് ഗ്രാമപ്പഞ്ചായത്ത് കോളനിനവീകരണം നടപ്പാക്കുന്നത്.

പെയിന്റടിച്ച ചുറ്റുമതിലുകൾ

വീട്ടിലേക്കുള്ള കാഴ്ചമറയ്ക്കാൻ പ്ലാസ്റ്റിക് ഷീറ്റുകൊണ്ടോ ഫ്ലെക്സ് ബോർഡ്‌ കൊണ്ടോ തീർത്ത അതിരുകളില്ല. കോളനിക്ക് ചുറ്റും ചുറ്റുമതിൽകെട്ടി മതിലിന് വിവിധ വർണങ്ങളിലുള്ള പെയിന്റടിച്ചു. എല്ലാവരുടെയും അതിർത്തികെട്ടി വേർതിരിച്ചു. ആ മതിൽ വീട്ടുകാർ ചെടിച്ചട്ടികൾവെച്ച് സൗന്ദര്യവത്കരിക്കുകയുംചെയ്തു.

ടൈൽസ്‌ വിരിച്ച നടപ്പാതകൾ

ടാറിട്ട റോഡിൽനിന്ന് കോളനിയിലെ വീടുകളിലേക്കുള്ള നടപ്പാതകളെല്ലാം ടൈൽസ് വിരിച്ചു. പഞ്ചായത്തിലെ പ്രധാന കോളനികളായ എള്ളങ്ങലിലും വേനപ്പാറയിലും ഈ പ്രവൃത്തി പൂർത്തിയായി. അഞ്ചുനടപ്പാതകൾവരെയുള്ള കോളനികളുണ്ട്.

തെരുവുവിളക്കുകൾ

രാത്രിയായാലും വെളിച്ചത്തിനൊരു കുറവുമില്ല. കോളനിക്ക് ചുറ്റുമുള്ള വൈദ്യുതത്തൂണുകളിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചു. കോളനിക്കകത്തും വിളക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതിയുണ്ടായിരുന്നു. എന്നാൽ, കോളനിവാസികളുടെ എതിർപ്പിനെത്തുടർന്ന് ഒഴിവാക്കുകയായിരുന്നു.

മാലിന്യസംസ്കരണപദ്ധതികൾ

ജൈവമാലിന്യസംസ്കരണത്തിന് കോളനിയിൽത്തന്നെ മാലിന്യസംസ്കരണപ്ലാന്റ് നിർമിക്കും. വീടുകളിലെ മാലിന്യങ്ങൾ വേർതിരിച്ച് സൂക്ഷിക്കാൻ കൊട്ടകൾ നൽകും. അജൈവമാലിന്യങ്ങൾ നിറവിന്റെ സഹകരണത്തോടെ കയറ്റിയയക്കും. ജൈവമാലിന്യങ്ങൾ കോളനിയിൽ നിർമിക്കുന്ന പ്ലാന്റിൽ സംസ്കരിക്കും. വീടുകളിലെ മലിനജലം സംസ്കരിക്കാൻ സോക്കേജ് ബിറ്റുകളും നിർമിക്കും.

വായനയിലേക്കൊരു വാതിൽ

കോളനിവാസികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ കോളനികളിൽ വായനശാലയും ഒരുക്കുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ എള്ളങ്ങൽ കോളനിയിലാണ് വായനശാല ഒരുക്കിയിട്ടുള്ളത്. കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർ ഇവിടത്തെ നിത്യസന്ദർശകരാണ്.