കോഴിക്കോട്: നിപ വൈറസ് ബാധയെ കൂട്ടായ പരിശ്രമത്തിലൂടെ അതിജീവിച്ച കോഴിക്കോട് മെഡിക്കൽ കോളേജ് ഇന്ന് വികസനക്കുതിപ്പിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ ഡിജിറ്റൽ റേഡിയോഗ്രാഫി സിസ്റ്റം, പവർ ലോൺട്രി എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ അഞ്ച് മെഡിക്കൽ കോളേജുകളും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ എല്ലാവരും മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കുന്നുണ്ട്. പുതിയ മാറ്റത്തിനനുസരിച്ച് ആതുരചികിത്സാരംഗം മാറണം. പ്ലാൻ ഫണ്ടിൽനിന്ന് വീതംവെച്ചാൽ ഓരോ മെഡിക്കൽ കോളേജിനും അഞ്ചുകോടി മാത്രമേ കിട്ടുകയുള്ളൂ. എന്നാൽ, കോഴിക്കോട് മെഡിക്കൽ കോളേജിന്റെ മാസ്റ്റർ പ്ലാൻ അനുസരിച്ച് 3000 കോടിയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. അതിന്റെ ആദ്യഘട്ടം ഉടനെ ഉദ്ഘാടനം ചെയ്യാനാകും. ഹോസ്റ്റൽ, ലക്ചറർ ഹാൾ, ആർദ്രം പദ്ധതിയുടെ ഭാഗമായ ഒ.പി. മാറ്റം തുടങ്ങിയവയ്ക്ക് ഏഴരക്കോടി, സ്പെക്ട്രാ ഗാമ ക്യാമറയ്ക്ക് 5.8 കോടി, ഓങ്കോളജി വിഭാഗത്തിന് മൂന്ന് കോടി, സൂപ്പർ സ്പെഷ്യാലിറ്റി വികസനത്തിന് അഞ്ചരക്കോടി തുടങ്ങിയവയാണ് പ്രധാനമായി മെഡിക്കൽ കോളേജിനുവേണ്ടി മന്ത്രി പ്രഖ്യാപിച്ച ഫണ്ടുകൾ.

മെഡിക്കൽ കോളേജിൽ ആകെയുള്ള 2300 ജീവനക്കാരിൽ 2150 പേരും സർക്കാരിന്റെ സാലറി ചലഞ്ചിൽ സഹകരിച്ചത് സഹജീവികളോടുള്ള സഹാനുഭൂതിയും വലിയമനസ്സുമാണ് കാണിക്കുന്നതെന്ന് സ്ട്രോക്ക് യൂണിറ്റിന്റെ ഉദഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

എ. പ്രദീപ്കുമാർ എം.എൽ.എ. അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജിനെ രാജ്യത്തെ ഏറ്റവും മികച്ച ആതുരശുശ്രൂഷാ കേന്ദ്രമായി വികസിപ്പിക്കാനുള്ള സമഗ്രപദ്ധതി ആവിഷ്കരിച്ചുകഴിഞ്ഞു. മാസ്റ്റർ പ്ലാൻ തയ്യാറാക്കാനുള്ള സാമ്പത്തികസഹായം, സാങ്കേതിക സേവനം എന്നിവ നൽകിയത്‌ മാതൃഭൂമി മിഷൻ എന്ന പേരിൽ മാതൃഭൂമി പത്രസ്ഥാപനമാണ് -എം.എൽ.എ. പറഞ്ഞു.

മേയർ തോട്ടത്തിൽ രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, സൂപ്രണ്ട് ഡോ. കെ.ജി. സജീത്ത്കുമാർ, പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ ഒ. സുനിത, ഡോ. ശ്രീകുമാർ സി., ഡോ. ടി.പി. രാജഗോപാൽ, എം. നാരായണൻ, സി. സത്യചന്ദ്രൻ എന്നിവർ സംസാരിച്ചു.

ഡിജിറ്റൽ റേഡിയോഗ്രാഫി സിസ്റ്റം

:സാധാരണ എക്സ്റേ ഫിലിമിന് പകരം എക്സ്‌റേ സെൻസറുകൾ ഉപയോഗിച്ചാണ് ഇതിൽ ഇമേജിങ്‌ ചെയ്യുന്നത്. രോഗിയുടെ സൗകര്യത്തിനനുസരിച്ച് നിന്നോ, ഇരുന്നോ എക്സ്റേയ്ക്ക് വിധേയനാകുവാനും ഏതുഭാഗത്തും എക്സ്റേ എടുക്കാൻ സാധിക്കുമെന്നതുമാണ് ഇതിന്റെ മെച്ചം. 1.74 കോടി രൂപ ചെലവഴിച്ച് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുഖേനയാണ് സ്ഥാപിച്ചത്.

പവർ ലോൺട്രി

സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ പവർ ലോൺട്രി ഇല്ലാത്തതിനാൽ തുണിത്തരങ്ങൾ അലക്കുന്നതിനും ഉണക്കുന്നതിനും മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലോൺട്രിയാണ് ഉപയോഗിച്ചിരുന്നത്. ചെലവ് 28 ലക്ഷം രൂപയാണ്.

സ്ട്രോക്ക് യൂണിറ്റ്

പക്ഷാഘാതം വന്നവർക്ക് അടിയന്തര വിദഗ്‌ധചികിത്സ നൽകുന്നതിനാണ് സ്ട്രോക്ക് ഐ.സി.യു. നിർമിച്ചത്. 3 വെന്റിലേറ്ററുകൾ, 13 കിടക്കകൾ, 8 മോണിറ്റർ എന്നിവയുൾപ്പെടെ 45 ലക്ഷം രൂപയുടെ ചികിത്സാസൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. കട്ടപിടിച്ച രക്തം വലിച്ചെടുക്കുന്ന മെക്കാനിക്കൽ ത്രോബ്ടെക്ടമി, ക്യാനിയോട്ടോമി എന്നീ ആധുനിക ചികിത്സാസൗകര്യം ലഭിക്കും. സ്ട്രോക്ക് യൂണിറ്റ് സ്ട്രോക്ക് സെന്ററാക്കി ഉയർത്താനാണ് ശ്രമം. ഇതിനായി അഞ്ചുകോടി മെഡിക്കൽ കോളേജിന് അനുവദിച്ചിട്ടുണ്ട്.

Cap1