balakrishnanകോഴിക്കോട് : മരണം ഉച്ചയ്ക്ക് ഒരുമണിക്ക്. മൃതദേഹം മാറ്റാൻ സ്ട്രെക്‌ചറിന് കാത്തുകിടന്നത് ഏഴുമണിക്കൂർ. മെഡിക്കൽകോളേജ് ആശുപത്രി ഒന്നാംവാർഡിൽ വയനാട് കൽപ്പറ്റ ഞാണുമ്മൽ കൊളവയൽ ഗീതാസദനിൽ ബാലകൃഷ്ണൻ (63) വൃക്കരോഗം മൂർച്ഛിച്ചതിനെത്തുടർന്ന് മരിച്ചത് വെള്ളിയാഴ്ചയാണ്. കോവിഡ് പരിശോധന നടത്തിയതിനുശേഷം കോവിഡ് പ്രോട്ടോകോൾ അനുസരിച്ചേ മൃതദേഹം വിട്ടുനൽകൂവെന്ന് ആശുപത്രിയധികൃതർ അറിയിച്ചു.

മൃതദേഹം മോർച്ചറിയിലേക്ക് മാറ്റണമെന്നും അതിന് മൂടിയുള്ള സ്ട്രെക്‌ചർ വേണമെന്നും അധികൃതർ പറഞ്ഞു. ഉച്ചയ്ക്ക് ഒരുമണി മുതൽ മണിക്കൂറുകളോളം സ്ട്രെക്‌ചറിനായി വാർഡുകൾ കയറിയിറങ്ങിയിട്ടും കിട്ടിയില്ല. ഇത്രയും സമയം ഭർത്താവിന്റെ മൃതദേഹത്തിനരികെ കാത്തിരുന്നു ഭാര്യയും മക്കളും. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുന്നതിൽ പരാതിയില്ലെന്നും രാവിലെ എത്താമെന്നും ബന്ധുക്കൾ അറിയിച്ചെങ്കിലും സ്ട്രെക്‌ചർ സംഘടിപ്പിച്ച് മൃതദേഹം മാറ്റിയിട്ടുപോയാൽ മതിയെന്ന നിലപാടിലായിരുന്നു അധികൃതർ. കൽപ്പറ്റ സ്വദേശികളായ ഇവർ അടുത്ത ലോഡ്ജിൽ മുറിയെടുത്ത് രാവിലെവന്ന് മൃതദേഹം ഏറ്റുവാങ്ങാമെന്ന് അറിയിച്ചിരുന്നു. ഏതാണ്ട് ഒമ്പതുമണിയോടെയാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയതെന്ന് ബന്ധുക്കൾ പറഞ്ഞു.

വ്യാഴാഴ്ച രാത്രിയാണ് കൈനാട്ടി ആശുപത്രിയിൽനിന്ന് ബാലകൃഷ്ണനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ഭാര്യ: ഗീത. മക്കൾ: ശിവപ്രസാദ്, വിഷ്ണുപ്രസാദ്, ആദിത്യൻ (വിദ്യാർഥികൾ).

സ്ട്രെക്‌ച്ചറല്ല; ഡെത്ത് രജിസ്റ്റർ ആണ് പ്രശ്‌നം

എട്ടരമണിയോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്ട്രെക്‌ചറല്ല; ഡെത്ത് രജിസ്റ്റർ ആണ് പ്രശ്നം. ആശുപത്രിയിൽ ഒരു ഡെത്ത് രജിസ്റ്റർ മാത്രമേ ഉണ്ടാവൂ. മരണം കൂടുതലുള്ള സമയങ്ങളിൽ ക്രമമനുസരിച്ചാണ് രജിസ്റ്ററിൽ രേഖപ്പെടുത്തുന്നത്. കോവിഡ് മരണമുണ്ടെങ്കിൽ പിന്നെയും വൈകും. അതുപ്രകാരം വാർഡിലെത്താൻ ചിലപ്പോൾ വൈകിയിരിക്കാം. മൂടിയുള്ള സ്ട്രെക്‌ചർ വേണമെന്ന് നിർബന്ധില്ല. അതൊരു കാരണവുമല്ലെന്നാണ് അറിയുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീജയൻ പറഞ്ഞു.

content highlights: Kozhikode medical college dead body controversy