കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓക്സിജൻ ടാങ്കിനുസമീപം ഐസ് ക്രിസ്റ്റലുകൾ അടിഞ്ഞുകൂടി. അരമണിക്കൂർകൂടി ഈ നില തുടർന്നിരുന്നെങ്കിൽ പൊട്ടിത്തെറിക്ക് വരെ സാധ്യതയുണ്ടെന്ന് സ്ഥലത്തെത്തിയ വെള്ളിമാട്കുന്ന് യൂണിറ്റിലെ അഗ്നിശമന ഉദ്യോഗസ്ഥർ പറഞ്ഞു. അഗ്നിശമനസേന ഒരുമണിക്കൂർ നേരത്തെ പ്രയത്നത്തിനൊടുവിലാണ്‌ ഐസുകട്ട പൊട്ടിച്ച് ഓക്സിജൻ വിതരണം പുനഃസ്ഥാപിച്ചത്. ഒ.പി.ക്ക്‌ മുന്നിലെ പഴയ പത്തുകിലോലിറ്റർ ഓക്സിജൻ ടാങ്കിലാണ് സംഭവം. ഓക്സിജൻ ടാങ്കിൽനിന്ന് ട്യൂബ് വഴിയാണ് ആശുപത്രി വാർഡുകളിലേക്ക് എത്തുന്നത്. മൈനസ് 183 ഡിഗ്രിയിൽ ടാങ്കിൽ സൂക്ഷിച്ചിരിക്കുന്ന ദ്രവരൂപത്തിലുള്ള ഓക്സിജൻ വാതകരൂപത്തിലാക്കി പുറത്തേക്ക് പ്രവഹിക്കുന്നഭാഗത്ത് കുഴലിനുപുറത്ത് ഐസ് രൂപപ്പെട്ടുകയായിരുന്നു.

സാധാരണയായി ഇങ്ങനെ ഐസ്‌ ക്രിസ്റ്റലുകൾ ഉണ്ടാകാറുള്ളതാണെന്നും അത് വെള്ളമടിച്ച് തണുപ്പിച്ച് ഒഴിവാക്കലാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ. എം.പി. ശ്രീജയൻ പറഞ്ഞു. എന്നാൽ ഇപ്പോൾ ഓക്സിജന്റെ ഉപയോഗം വർധിച്ചതോടെ ഐസ് ക്രിസ്റ്റലുകൾ രൂപപ്പെടുന്നത് കൂടിയിട്ടുണ്ട്. ചെറിയ പൈപ്പുവഴി വെള്ളം പമ്പ് ചെയ്യുമ്പോൾ ഇവ ഒഴിവാക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.