കോഴിക്കോട്: മെഡിക്കൽ കോളേജിൽ ശനിയാഴ്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനംചെയ്യുന്ന ഓർത്തോ ഐ.സി.യു.വിൽ ഒരുക്കിയിരിക്കുന്നത് ഏറ്റവും ആധുനിക സംവിധാനങ്ങൾ. എം.പി. വീരേന്ദ്രകുമാർ എം.പി.യുടെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള 1.6 കോടി രൂപ ഉപയോഗിച്ചാണ് ഐ.സി.യു. നിർമിച്ചത്.

20 നവീന രീതിയിലുള്ള ബെഡുകൾ, പൂർണമായും ആവരണംചെയ്ത ഓക്‌സിജൻ വിതരണ സംവിധാനം, രോഗിയുടെ പൾസ്, രക്തസമ്മർദം അറിയാനുള്ള 10 മൾട്ടിപാരാമോണിറ്ററുകൾ, ഇൻവെർട്ടർ, രോഗിയുടെ ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചുപോകുന്ന അടിയന്തരഘട്ടത്തിൽ ഷോക്ക് നൽകി വീണ്ടും പ്രവർത്തിക്കുന്ന യന്ത്രമായ ഡീഫിബ്രിലേറ്റർ, കേന്ദ്രീകൃത എയർകണ്ടീഷൻ എന്നീ സൗകര്യങ്ങൾ ലഭിക്കും.

പരിശോധനാമുറി, ഡ്യൂട്ടി റൂം, വികലാംഗർക്ക് ഉപയോഗിക്കാൻ പ്രത്യേക സൗകര്യമുള്ള ബാത്ത് റൂമുകൾ, ബാത്ത് റൂമിനകത്ത് പ്രവേശിപ്പിക്കാൻ ബുദ്ധിമുട്ടുള്ള രോഗികളെ കുളിപ്പിക്കാൻ പ്രത്യേക സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. പൊതുവായി പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രവേശനം നൽകും. മൂന്നിലധികം പരിക്കുകളുള്ള (പോളിട്രോമ രോഗികൾ) ഐ.സി.യു. പരിചരണം ആവശ്യമുള്ള രോഗികളെ നേരിട്ടും ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെയും ഇവിടെ പ്രവേശിപ്പിക്കും.

നിലവിൽ സർജറി ഐ.സി.യു. വാർഡിൽ മൂന്ന് ബെഡ് മാത്രമാണ് ഓർത്തോ വിഭാഗത്തിന് ഉണ്ടായിരുന്നത്. പ്രതിദിനം 15 മേജർ ശസ്ത്രക്രിയയും 20 മൈനർ ശസ്ത്രക്രിയയും ഓർത്തോ വിഭാഗത്തിൽ നടത്തുന്നുണ്ട്. ബെഡുകളുടെ എണ്ണം കൂടിയതോടെ ഇനി സൗകര്യപ്രദമായി രോഗികളെ പ്രവേശിപ്പിക്കാമെന്ന് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

എ. പ്രദീപ്കുമാർ എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള 25 ലക്ഷം രൂപയും ജില്ലയിലെ മറ്റ് എം.എൽ.എ.മാരായ പി.ടി.എ. റഹീം, എ.കെ. ശശീന്ദ്രൻ, വി.കെ.സി. മമ്മദ്‌കോയ, എം.കെ. മുനീർ, പുരുഷൻ കടലുണ്ടി, കാരാട്ട് റസാക്ക്, ഇ.കെ. വിജയൻ എന്നിവർ നൽകിയ പത്തുലക്ഷം രൂപാവീതവും ഉപയോഗിച്ച് നിർമിച്ച സംഭരണപ്ലാന്റ്, ഐ.എം.സി.എച്ചിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന സി.ടി. സ്‌കാൻ, ഒ.പി. ബ്ലോക്കുകൾ എന്നിവയുടെ ഉദ്ഘാടനവും ശനിയാഴ്ച നടക്കും. മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, എം.പി.മാർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുമെന്ന് എ. പ്രദീപ് കുമാർ എം.എൽ.എ. അറിയിച്ചു.

ഡോ. സി. ശ്രീകുമാർ, ഡോ. രാജേഷ് പുരുഷോത്തമൻ, ഡോ. കെ.പി. സുനിൽ, എം.കെ. അനിൽകുമാർ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

നിർമാണം ഒരുവർഷംകൊണ്ട് പൂർത്തിയായി

2630 ചതുരശ്ര അടി വിസ്തൃതിയുള്ള ഓർത്തോ ഐ.സി.യു.വിന്റെ നിർമാണ പ്രവൃത്തികൾ വളരെവേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞതായി പൊതുമരാമത്ത് വകുപ്പ് അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ സുനിത പറഞ്ഞു. ഒരുവർഷംകൊണ്ട് സിവിൽ പ്രവൃത്തികൾ പൂർത്തീകരിച്ചു. ഇലക്‌ട്രിക്കൽ പ്രവൃത്തിക്കാണ് കുറച്ച് കാലതാമസം വന്നത്. ഓർത്തോ ഐ.സി.യു.വിന്റെ താഴത്തെ നിലയിൽ മെഡിസിൻ ഐ.സി.യു.വും മുകളിൽ സർജറി സെമിനാർ ഹാളും ഉടൻ നിർമാണമാരംഭിക്കും. രണ്ടിനും ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ബജറ്റിൽ ഇതിനായി രണ്ടുകോടി വകയിരുത്തിയിട്ടുണ്ടെന്നും സുനിത പറഞ്ഞു.