കോഴിക്കോട്: ആശുപത്രിയിലെത്തുന്ന നടക്കാൻ സാധിക്കാത്ത, ഗുരുതരാവസ്ഥയിലുള്ള രോഗികളെ വേണ്ടരീതിയിൽ സ്വീകരിച്ച് പരിചരിക്കാൻ കഴിയുന്ന ആതിഥേയരായിരിക്കണം ആശുപത്രി ജീവനക്കാരെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മെഡിക്കൽകോളേജിൽ പാരാമെഡിക്കൽ ഹോസ്റ്റലിന്റെയും നവീകരിച്ച ആശുപത്രി ഫാർമസിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

അത്യാഹിതവിഭാഗത്തിൽ പ്രത്യേകിച്ചും വീൽചെയർ, സ്ട്രെച്ചർ, അതുപോലെ അത് തള്ളാൻ ജീവനക്കാരും ഉണ്ടായിരിക്കണം. രോഗികളുടെ ബന്ധുക്കളെക്കൊണ്ട് ഇവ തള്ളിക്കുന്നത് ശരിയല്ല. ആയിരക്കണക്കിന് രോഗികൾ എത്തുന്നുണ്ടെങ്കിലും എല്ലാജീവനക്കാരും കൃത്യമായ ഡ്യൂട്ടി ചെയ്താൽ രോഗികൾക്ക് അത് വലിയ ആശ്വാസമായിരിക്കും. ഡോക്ടർമാരുമായും നഴ്സുമാരുമായും വഴക്കുണ്ടാക്കുന്നതും മർദിക്കുന്നതും അനുവദിക്കാൻ പറ്റില്ല. പരാതിയുണ്ടെങ്കിൽ സർക്കാരിനെ അറിയിക്കുകയാണ് വേണ്ടത്.

ഒരു ഡോക്ടർക്ക് പലപ്പോഴും നൂറിലേറെപ്പേരെ പരിശോധിക്കേണ്ടിവരും. അകത്തുള്ളവർക്കും പരിരക്ഷ നൽകേണ്ടതുണ്ട്. ഡോക്ടർമാരുടെ എണ്ണം വർധിപ്പിക്കുകയെന്നത് എളുപ്പമല്ലെന്ന് മന്ത്രി പറഞ്ഞു.

മാസ്റ്റർ പ്ലാൻ

മാസ്റ്റർപ്ലാനിൽ നിലവിലുള്ള ആശുപത്രി സൗകര്യങ്ങളെ സംരക്ഷിച്ചുകൊണ്ട് കൂടുതൽ ആവശ്യമായത് എങ്ങനെ നിർമിച്ചെടുക്കാം എന്നാണ് പ്രധാനമായും ശ്രദ്ധിച്ചത്. അതുപ്രകാരം നല്ലൊരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി. അത് വളരെ വിപുലമായ ഒന്നാണ്. അത്രയും വലിയ തുക ഒരുമിച്ച് സ്വരൂപിച്ചെടുക്കുകയെന്നത് പ്രയാസമുള്ളതാണ്. അതുകൊണ്ട് ഘട്ടംഘട്ടമായി നടപ്പാക്കാനാണ് ഉദ്ദേശം. ഒന്നാംഘട്ടമായി കിഫ്ബിയിൽ നിന്നുള്ള 200 കോടി ഉടൻ ലഭ്യമാക്കും.

14 കോടി ചെലവിൽ 240 പേർക്ക് താമസസൗകര്യമുള്ള ഹോസ്റ്റൽ നിർമാണം നടക്കുകയാണ്. 20 കോടി രൂപ ചെലവിൽ പരീക്ഷാഹാളിന്റെയും തിയേറ്റർ കോംപ്ളക്സിന്റെയും പരിഷ്കരണം നടക്കുന്നു. ആധുനിക രീതിയിലുള്ള ലെവൽവൺ ട്രോമാ കെയർ യൂണിറ്റിന് 8.40 കോടി വകയിരുത്തിയിട്ടുണ്ട്.

ആർദ്രം പദ്ധതിയിൽ ഒ.പി. നവീകരിക്കാൻ 7.5 കോടി ചെലവഴിച്ചുവെന്ന് മന്ത്രി പറഞ്ഞു.

എ. പ്രദീപ്കുമാർ എം.എൽ.എ. അധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, കൗൺസിലർ ഷെറീന വിജയൻ, സൂപ്രണ്ട് ഡോ. കെ.ജി. സജിത്ത്കുമാർ, ഡോ. സി. ശ്രീകുമാർ, ഡോ. ടി.പി. രാജഗോപാൽ, എം. നാരായണൻ മാസ്റ്റർ, കെ. ലോഹ്യ, സി.പി. ഹമീദ്, ഡോ. പ്രതാപ് സോംനാഥ് എന്നിവർ സംസാരിച്ചു.

പാരാമെഡിക്കൽ ഹോസ്റ്റൽ

ഒളിമ്പ്യൻ റഹ്‌മാൻ സ്റ്റേഡിയത്തിന് സമീപം നിർമിച്ചിരിക്കുന്ന പാരാമെഡിക്കൽ ഹോസ്റ്റൽ 100 യു.ജി., പി.ജി. വിദ്യാർഥികൾക്ക് താമസസൗകര്യമുള്ളതാണ്. നാലുകോടി രൂപ ചെലവഴിച്ച്‌ മൂന്ന് നിലകളിലായി 2500 ചതുരശ്ര മീറ്ററിലാണ് നിർമിച്ചിരിക്കുന്നത്.

ഫാർമസി

അമ്പത് വർഷം പഴക്കമുള്ള ഫാർമസി പൊളിച്ചാണ് നവീകരിച്ച ഫാർമസി 35 ലക്ഷം രൂപ ചെലവിൽ നിർമിച്ചിരിക്കുന്നത്. ആശുപത്രിയുടെ താഴത്തെ നിലയിലാണിത്. നവീകരിച്ച ഫാർമസിയിൽ ഡിസ്പെൻസിങ്‌ ഏരിയ, സെമിനാർ റൂം, ഹെഡ് ഫാർമസിസ്റ്റ് റൂം, കൗൺസലിങ്‌ റൂം, സ്റ്റോർ റൂം, മെഡിസിൻ മിക്സിങ്‌ ഏരിയ, റെസ്റ്റ് റൂം, ടോയ്‌ലെറ്റ് സൗകര്യം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഫാർമസി പൂർണമായും എയർ കണ്ടീഷൻ ചെയ്യില്ല. നിശ്ചിത ഊഷ്മാവ് ആവശ്യമുള്ള മരുന്നുകൾക്ക്‌ മാത്രം എ.സി. റൂം ഒരുക്കും. ഇ-ഹെൽത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക ഉപകരണങ്ങൾ വരുന്നതോടെ വരിനിൽക്കുന്നത് ഒഴിവാക്കൻ കഴിയുമെങ്കിലും ഇതുവരെ കംപ്യൂട്ടറും മറ്റ്‌ ഉപകരണങ്ങളും ഇവിടെ സ്ഥാപിച്ചിട്ടില്ല.